കൊല്ലം: ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഈ ഏപ്രിലിൽ കഴിഞ്ഞ വർഷത്തേക്കാൾ 6,23, 207 തൊഴിൽദിനങ്ങളുടെ കുറവ്. ഏപ്രിലിൽ 2,06,200 തൊഴിൽദിനങ്ങൾ മാത്രമാണ് ജില്ലയിൽ സൃഷ്ടിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിലിൽ ജില്ലയിൽ 8,29,407 തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ചിരുന്ന സ്ഥാനത്താണ് വൻ ഇടിവ് ഇത്തവണ വന്നത്. ഏപ്രിലിനായി 8.45 ലക്ഷം തൊഴിൽദിനങ്ങളുടെ ലേബർ ബജറ്റeണ് ജില്ലക്ക് അനുവദിച്ചിരുന്നത്.
ഇങ്ങനെ അനുവദിച്ച ബജറ്റിന്റെ 24.39 ശതമാനം മാത്രമാണ് തൊഴിൽ നൽകാനായത്. ഇതോടെ, ഏപ്രിലിൽ അനുവദിച്ച തൊഴിൽ ദിനങ്ങളാണ് മേയിൽ തൊഴിലാളികൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. തൊഴിലുറപ്പിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ പദ്ധതിയായ വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് ആജീവിക മിഷൻ -ഗ്രാമീൺ (വി.ബി ജി രാം ജി) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിൽ തൊഴിലുറപ്പിൽ പൂർത്തിയാകാത്ത പ്രവൃത്തികളുടെ പൂർത്തീകരണത്തിന് മുൻഗണന നൽകുന്നതുകൊണ്ടാണ് ഇത്രയേറെ കുറയാൻ കാരണമായത്.
കേരളം സൃഷ്ടിക്കുന്ന തൊഴിൽ ദിനങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ അത് അടിയന്തരമായി വർധിപ്പിക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഡയറക്ടർ ഏപ്രിൽ പകുതിയോടെ പഞ്ചായത്തുകൾക്ക് കത്ത് നൽകിയെങ്കിലും പഞ്ചായത്തുകൾ അതിനായി ശ്രമിക്കുമ്പോൾ 20ൽ കൂടുതൽ പ്രവൃത്തികൾ ഉണ്ടെങ്കിൽ അവർക്കതിന് കഴിയുന്നില്ല.
എന്നുമുതൽ നടപ്പാക്കുമെന്ന് ഇതുവരെയും ഉത്തരവിറക്കാത്ത വി.ബി ജി രാം ജി പദ്ധതി പേരിൽ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാങ്കേതിക പ്രശ്‌നങ്ങളും നിബന്ധനകളുമാണ് തൊഴിൽ സൃഷ്ടിക്കുന്നതിന് തടസ്സമായിരുന്നത്.
എന്നാൽ, തൊഴിലാളികൾക്ക് ജോലി നൽകുന്നതിന് തൊഴിലുറപ്പ് പദ്ധതി സൈറ്റിൽ ഏപ്രിൽ പകുതിയോടെ ജില്ലാതല ലോഗിൻ വഴി കേന്ദ്ര സർക്കാർ ഇളവ് നൽകിയിരുന്നെങ്കിലും ജില്ലയിൽ ഈ ഇളവ് പഞ്ചായത്തുകൾക്ക് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. തൊഴിൽ നൽകുന്നതിന് പ്രാധാന്യം നൽകണമെന്ന് സംസ്ഥാന മിഷൻ ഡയറക്ടർ തന്നെ നിർദേശിച്ചിട്ടും ജില്ലതലത്തിൽ നൽകേണ്ട ഇളവുകൾ പഞ്ചായത്തുകൾക്ക് ലഭിക്കാത്തതിൽ ശക്തമായ പ്രതിഷേധവുമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.