ടോം ​തോ​മ​സ്

നഗരഹൃദയത്തിൽ വൻ ലഹരി വേട്ട; എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കൊല്ലം: സിന്തറ്റിക് ട്രഗ്സ് വിഭാഗത്തിൽപ്പെടുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി കൊല്ലം നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് നിന്ന് യുവാവിനെ ജില്ല ഡാൻസാഫ് ടീമും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. കണ്ണനല്ലൂർ വാലിമുക്ക് കാർത്തികയിൽ ടോം തോമസ് (27) ആണ് പിടിയിലായത്.

നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്കൂൾ, കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപനക്കായി എത്തിച്ച 60 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. കേരള പൊലീസിന്‍റെ യോദ്ധാവിലൂടെ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചിന്നക്കട ഗെസ്റ്റ് ഹൗസിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

ലഹരി ഉപയോഗവും ലഭ്യതയും ഇല്ലാതാക്കാനായി പൊലീസ് നടത്തി വരുന്ന നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടാണ് എം.ഡി.എം.എ പിടികൂടാനായത്. കുറേ നാളുകളായി ജില്ലയിൽ പല സ്ഥലങ്ങളിലും കുറഞ്ഞ അളവിൽ ഇത്തരം ലഹരി മരുന്നുകൾ പിടികൂടിയതിനെ തുടർന്ന് വിതരണ ശൃംഖല തകർക്കുന്നതിന് വ്യാപകമായ അന്വേഷണത്തിലായിരുന്നു ജില്ല പൊലീസും ജില്ല ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്‍റെ നേതൃത്വത്തിലുള്ള ആന്‍റി നാർകോട്ടിക് വിഭാഗവും.

അന്തർസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ഇത്തരം ലഹരി മരുന്നുകൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ ചില്ലറ വിപണനം നടത്തുന്നതാണ് സംഘങ്ങളുടെ രീതി. എളുപ്പത്തിൽ പണം സമ്പാദിച്ച് ആഡംബര ജീവിതം നയിക്കാനാണ് യുവതീ യുവാക്കൾ ലഹരി കടത്തിലേക്ക് തിരിയുന്നത്.

ഒരു ഗ്രാമിന് 10000 രൂപ വരെ ഈടാക്കുന്നുണ്ട്. കൊല്ലം അസിസ്റ്റന്‍റ് കമീഷണർ എ. അഭിലാഷിന്‍റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുൺ, എസ്.ഐമാരായ രെഞ്ചു, ജി. ശിവദാസൻപിള്ള, ഡാൻസാഫ് എസ്.ഐ ആർ. ജയകുമാർ, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബൈജൂ ജെറോം, എസ്.സി.പി.ഒ മാരായ സജു, സീനു, മനു, രിപു, രതീഷ്, ലിനു ലാലൻ ഈസ്റ്റ് സ്റ്റേഷൻ സി.പി.ഒ മാരായ രഞ്ജിത്ത്, രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇയാൾക്കെതിരെ 2017ലും സമാന കുറ്റകൃത്യത്തിന് കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിറ്റി പരിധിയിൽ അനധികൃത ലഹരി വ്യാപാര മാഫിയകൾ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്നും പൊതുജനങ്ങൾക്ക് ലഹരി വ്യാപാരത്തെപ്പറ്റിയും ഉപയോഗത്തെപ്പറ്റിയുമുള്ള വിവരങ്ങൾ 9497980223, 1090, 0474 2742265, 9995966666 എന്നീ ഫോൺ നമ്പർ മുഖേനയോ, കേരള പൊലീസ് ഒരുക്കിയിരിക്കുന്ന യോദ്ധാവ്-9995966666 എന്ന വാട്സ് ആപ്പ് നമ്പർ മുഖേനയോ അറിയിക്കാമെന്നും സിറ്റി പൊലീസ് കമീഷണർ പറഞ്ഞു.

Tags:    
News Summary - drugs hunt-man arrested with mdma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.