കൊട്ടാരക്കര: ഉമ്മന്നൂർ പഞ്ചായത്തിലെ വാളകം - ചെപ്പറ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. 25 ഓളം വീടുകളിൽ കുടിവെള്ളം കിട്ടാത്തതിനാൽ പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്. തുണി അലക്കാനും കുളിക്കാനും പോലും വെള്ളം കിട്ടുന്നില്ല. ദൂരെ സ്ഥലങ്ങളിൽ നടന്നു പോലും വാഹനങ്ങളിലും വെള്ളം കൊണ്ടുവരുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പശു, ആട്, പോത്ത് എന്നിവ വളർത്തുന്ന വീട്ടുകാർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പശുവിനെ വളർത്തി ഉപജീവനം നടത്തുന്നവർ നിരവധി പേർ ഉണ്ടെങ്കിലും അവർക്ക് വളർത്തുമൃഗങ്ങളെ കുറഞ്ഞ വിലയിൽ വിൽക്കേണ്ട ഗതികേടിലാണ്.
ജലജീവൻ , ജപ്പാൻ കുടിവെള്ള പദ്ധതി എന്നിവ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് നാട്ടുകൾ പറയുന്നു. ഈ പദ്ധതികളിൽ നിന്ന് വെള്ളം ലഭിക്കുന്നില്ല. പഞ്ചായത്തിൽ പരാതി പറഞ്ഞാൽ കൈമലർത്തുകയല്ലാതെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. വാങ്ങിക്കുന്ന കുടിവെള്ളത്തിന് 500 മുതൽ 1000 രൂപ വരെയാണ് നൽകുന്നത്. ഇത് കുറച്ച് ദിവസം മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.വീണ്ടും പണം നൽകി കുടിവെള്ളം വാങ്ങാൻ സാധാരണക്കാർക്ക് കഴിയുന്നില്ല. കിണറുകൾ മിക്കതും വറ്റിയ നിലയിലാണ്. മഴക്കാലത്ത് പോലും വേണ്ടത്ര വെള്ളം കിട്ടാത്ത അവസ്ഥയാണ്. പല തവണ കൊട്ടാരക്കര താലൂക്ക് വികസന സമിതിയിൽ പ്രശ്നം ഉന്നയിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. കുടിവെള്ളം എത്തിച്ചു നൽകിയില്ലെങ്കിൽ ഉമ്മന്നൂർ പഞ്ചായത്തിൽ സമര പരിപാടിയുമായി പോകുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.