കരിമണൽ മേഖലയെ സ്വകാര്യവത്കരിക്കില്ല -മുഖ്യമന്ത്രി

ചവറ: കരിമണൽ മേഖലയെ സ്വകാര്യവത്കരിക്കുന്ന യാതൊരു നടപടികളും യു.ഡി.എഫ് സർക്കാർ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയിസ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ക്ഷേമത്തിനാണ് യു.ഡി.എഫ് സർക്കാർ മുൻഗണന നൽകുന്നത്. എല്ലാ വിഭാഗത്തിലും പെട്ട തൊഴിലാളികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തിന് തന്നെ അഭിമാനകരമായ രീതിയിൽ ഉയർന്നുവന്ന കെ.എം.എം.എൽ എന്ന വ്യവസായ സ്ഥാപനത്തിന്റെ പുരോഗതിയിൽ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അതിന്റേതായ പങ്കുണ്ട്. സ്ഥാപനത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് എല്ലാ വിഭാഗം തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയിസ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ആർ. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. മന്ത്രി ഷിബു ബേബി ജോൺ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി പി.സി വിഷ്ണുനാഥ് വിദ്യാഭ്യാസ അവാർഡ് ദാനം നടത്തി. മന്ത്രി ബിന്ദു കൃഷ്ണ, എൻ.കെ പ്രേമചന്ദ്രൻ എം.പി, കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജെർമിയാസ്, ഡി.സി.സി ജന. സെക്രട്ടറി കോലത്ത് വേണുഗോപാൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി എന്നിവർ സംസാരിച്ചു. ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയിസ് കോൺഗ്രസ് ട്രഷറർ എസ്. ഷാജി നന്ദി പറഞ്ഞു.

Tags:    
News Summary - The black sand sector will not be privatized - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.