കരുനാഗപ്പള്ളി: ഭാര്യയിൽ നിന്ന് ഭർത്താവിന് ജീവനാംശം ലഭിക്കുന്നതിനായി ഫയൽ ചെയ്ത ഹരജിയിൽ നിർണായക വിധിയുമായി ചവറ കുടുംബകോടതി. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയായ രാകേഷ് കുമാറിന് സർക്കാർ ജീവനക്കാരിയായ ഭാര്യ പ്രതിമാസം 2500 രൂപ വീതം ജീവനാംശം നൽകാനാണ് കുടുംബകോടതി ജഡ്ജി കെ.എസ് ബെവീന നാഥ് ഉത്തരവിട്ടത്. 2020 മുതൽ വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. ബിരുദവും ബി.എഡ് ബിരുദവുമുണ്ടെങ്കിലും രാകേഷ് കുമാറിന് നിലവിൽ സ്വന്തമായി വരുമാനമോ മറ്റ് വരുമാന മാർഗ്ഗങ്ങളോ ഇല്ല. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ രാകേഷ് കുമാറിനൊപ്പവുമാണ് താമസിക്കുന്നത്.
തനിക്ക് സ്വന്തമായി വസ്തുവകകളോ വരുമാനമോ ഇല്ലെന്നും, ദാമ്പത്യ കടമകൾ നിർവഹിക്കാതെ തന്നെ ഉപേക്ഷിച്ചു പോയ സർക്കാർ ജീവനക്കാരിയായ ഭാര്യയിൽ നിന്നും ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്നും കാണിച്ചാണ് രാകേഷ് കുമാർ കോടതിയെ സമീപിച്ചത്. രാകേഷ് കുമാറിന് സ്ഥിരമായോ മതിയായ രീതിയിലോ വരുമാനമുണ്ടെന്ന് തെളിയിക്കാൻ ഭാര്യക്ക് കഴിഞ്ഞതുമില്ല. ഇതേ തുടർന്നാണ് മതിയായ വരുമാനമുള്ള ഭാര്യ ഭർത്താവിന് പ്രതിമാസ സംരക്ഷണ ചെലവായി 2500 രൂപ വീതം ഹരജി സമർപ്പിച്ച തീയതി മുതൽ നൽകണമെന്ന് കോടതി വിധിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹമോചനം മറ്റൊരു ഹരജിയിലൂടെ കോടതി നേരത്തെ അനുവദിച്ചിരുന്നു.
രാകേഷ് കുമാറിന് വേണ്ടി അഭിഭാഷകരായ അനൂബ് കെ. ബഷീർ, സുരേഷ് കണിച്ചേരിൽ, സൈമനിസാർ എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.