കുളത്തൂപ്പുഴ: അരിപ്പയിൽ ഭൂസമരക്കാർക്ക് മുൻസർക്കാർ വിതരണം ചെയ്തത് വനഭൂമിയാണെന്നും വനം-റവന്യൂ വകുപ്പുകൾ തമ്മിൽ തർക്കം തുടരുന്നതിനാൽ ഭൂമിയിൽ യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും പാടില്ലെന്ന നിർദേശവുമായി വനം വകുപ്പ്. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വന ഭൂമി കാലാവധി കഴിഞ്ഞതിനെ തുടർന്ന് സർക്കാർ പിടിച്ചെടുത്തു. ഈ ഭൂമിയിലാണ് ഒന്നര പതിറ്റാണ്ട് മുമ്പ് ഭൂരഹിതരായ സമരക്കാർ ഭൂമി കൈയേറി കുടിൽ കെട്ടി താമസിച്ച് ഭൂസമരം ആരംഭിച്ചത്. നിരവധി ചർച്ചകൾക്കും സമരങ്ങൾക്കും ഒടുവിൽ കഴിഞ്ഞ ഫെബ്രുവരി 14നാണ് ഇടതു സർക്കാർ സമരക്കാർക്കായി ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് പട്ടയം നൽകിയത്.
സർക്കാർ പിടിച്ചെടുത്ത വനഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം ഇരുവകുപ്പുകളും തുടരുന്നതിനിടെ തങ്ങളുടെ അനുമതിയില്ലാതെയാണ് പട്ടയ വിതരണം നടത്തിയതെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. നിലവിൽ തർക്കം തുടരുന്ന വനഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനോ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ അനുവാദമില്ലെന്നും അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അഞ്ചൽ റെയിഞ്ച് ഓഫിസർ നൽകിയ നോട്ടീസിൽ പറയുന്നു. അരിപ്പ സമരക്കാർക്ക് ലഭിച്ച ഭൂമിയിൽ വീടുകൾ നിർമിക്കുന്നതിനായി മരങ്ങൾ മുറിച്ചുനീക്കുന്നതിനോ ഭവന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ കഴിയാത്ത അവസ്ഥയാണ്.
ഭൂമി ലഭിച്ച പലരും വീട് വെക്കുന്നതിനായി മരങ്ങൾ മുറിച്ചുനീക്കുന്നതിനായി വിൽപന കരാർ നൽകി പണം കൈപ്പറ്റുകയും കുറെയൊക്കെ മുറിച്ചു മാറ്റുകയും ചെയ്തു. അനധികൃതമായി മരം മുറിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നറിയിച്ച് വനം വകുപ്പ് രംഗത്തെത്തിയതോടെ ഭൂമി ലഭിച്ചവർ ശരിക്കും വെട്ടിലായി. സർക്കാർ പട്ടയം നൽകിയ ഭുമിയിൽ വീട് വെക്കണമെങ്കിൽ മരം മുറിക്കണം. മരം മുറിച്ചാൽ വനം വകുപ്പ് കേസെടുക്കും. ഇരു വകുപ്പുകളും തമ്മിലുള്ള തർക്കം ഈ നിലയെത്തിയതോടെ അരിപ്പ ഭൂവിതരണം നിയമകുരുക്കിലേക്ക് മാറുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.