കുളത്തൂപ്പുഴ: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ വഴിയില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത വയോധികനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയില്‍. ഏരൂർ തച്ചംകോണം സ്വദേശി രഞ്ജിത്താണ് കുളത്തൂപ്പുഴ പൊലീസിന്‍റെ പിടിയിലായത്.
ബുധനാഴ്ച ഉച്ച രണ്ടുമണിയോടെ ഭാരതീപുരം തച്ചംകോണം ഭാഗത്തേക്ക് പോകുന്ന പാതയോരത്തെ കലുങ്കിനുസമീപമായിരുന്നു സംഭവം. ഭാരതീപുരം എം.ആര്‍.കുന്ന് സ്വദേശി രമ്യ അഞ്ചൽ-കുളത്തുപ്പുഴ പാതയിൽ പതിനൊന്നാം മൈൽ ഭാഗത്തുകൂടി കുളത്തുപ്പുഴയിലേക്ക് ഇരുചക്ര വാഹനത്തിൽ വരുന്നതിനിടെ, പാതയോരത്തെ കാത്തിരുപ്പ് കേന്ദ്രത്തിനു മുന്നില്‍ വെച്ചായിരുന്നു ആക്രണം. കാത്തിരുപ്പ് കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന യുവാവ് പെട്ടെന്ന് വാഹനത്തിനുനേരെ കത്രികയുമായി ചാടി തടഞ്ഞുനിർത്തുകയും യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഭയന്ന് രക്ഷപ്പെട്ട രമ്യ സമീപത്തെ വീട്ടില്‍ അഭയം തേടുകയും വീട്ടുടമ മധുസൂധനന്‍ പിള്ളയോട് സംഭവം പറയുകയും ചെയ്തു. ഉടൻ പൊലീസില്‍ അറിയിച്ച മധുസൂധന്‍പിള്ള രമ്യയുടെ സ്കൂട്ടറില്‍ സംഭവ സ്ഥലത്തേക്ക് പോയി. ഇവിടെ കലുങ്കിനു മുകളില്‍ നിലയുറപ്പിച്ച പ്രതി ഇവരെ കണ്ടയുടന്‍ യുവതിക്ക് നേരെ വീണ്ടും പാഞ്ഞടുക്കുകയും തടയാൻ ശ്രമിച്ച മധുസൂധനൻ പിള്ളയെ തള്ളി നിലത്തിട്ട് ക്രൂരമായി മർദിക്കുകയും കത്രിക ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഇതുവഴി വന്ന വാഹന യാത്രക്കാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. തോളില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് കിടന്ന മധുസൂധന്‍പിള്ളയെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷനിലെത്തിച്ച പ്രതി അവിടെയും അക്രമാസക്തനായതായി പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.