ആശുപത്രിയിലെ ലിഫ്റ്റ് തകർന്നു; അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

അഞ്ചൽ: സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റിന്റെ റോപ് പൊട്ടി വീണുണ്ടായ അപകടത്തിൽ അഞ്ചുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചൽ സെൻറ് ജോസഫ്സ് മിഷൻ ആശുപത്രിയിലെ ലിഫ്റ്റാണ് തകർന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയാണ് സംഭവം. ആശുപത്രിയിലെ മൂന്നാം നിലയിൽ കഴിയുന്ന രോഗിയെ സന്ദർശിച്ച ശേഷം ലിഫ്‌റ്റ് വഴി താഴേക്കിറങ്ങവേയാണ് റോപ് പൊട്ടി ലിഫ്‌റ്റ് താഴേക്ക് പതിച്ചത്.

ഇടയം സ്വദേശികളായ ഷാജി, രമേഷ്, മുരളി, പ്രസാദ്, സജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ലിഫ്റ്റിൽ ഉണ്ടായിരുന്ന ഇവർ സഹായത്തിനായി ലിഫ്‌റ്റിലെ അലാറം മുഴക്കിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. തുടർന്ന് ഇവർ അഞ്ചൽ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്നാണ് ടെക്‌നിഷ്യൻ സ്ഥലത്തെത്തി ലിഫ്‌റ്റിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.

ഏതാനും ആഴ്ചകൾക്കു മുമ്പ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മോർച്ചറിയിൽ വൈദ്യുതി ബന്ധം ഇല്ലാതിരുന്നതിനെത്തുടർന്ന് മൃതദേഹം വികൃതമാകുകയുണ്ടായി. മരിച്ചയാളിന്റെ ബന്ധുക്കൾ ബഹളമുണ്ടാക്കുകയും ആശുപത്രിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നറിയിച്ചതിനെത്തുടർന്ന് ഇലക്‌ട്രീഷ്യന്റെ അശ്രദ്ധമൂലമാണ് പിഴവ് പറ്റിയതെന്ന് ആശുപത്രി അധികൃതർ സമ്മതിക്കുകയും ബന്ധുക്കളുമായി അനുരഞ്ജനത്തിലെത്തി വിഷയം പരിഹരിക്കുകയുമാണുണ്ടായത്.

Tags:    
News Summary - Hospital elevator collapses; five people miraculously survive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.