സ്ത്രീകൾ തല്ലിയതിന് ഗുരുതര വകുപ്പ്, പുരുഷന്മാരുടെ തല്ലിന് നിസ്സാരം

കൊല്ലം: സ്ത്രീകളടങ്ങുന്ന സംഘം പുരുഷന്മാരെ നേരിട്ടതിന് ഗുരുതര വകുപ്പ് ചേർത്ത് കേസെടുത്ത പൊലീസ് പുരുഷന്മാരടങ്ങുന്ന സംഘം വീടുകയറി സ്ത്രീകളെ ആക്രമിച്ചതിന് ലഘുവായ വകുപ്പുകൾ ചേർത്ത് കേസെടുത്തതിനെക്കുറിച്ച് കൊല്ലം സിറ്റി പൊലീസ് കമീഷണർ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അന്വേഷണ റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.സിവിൽ കേസ് നിലനിൽക്കുന്നതിനിടയിൽ അഞ്ചാലുംമൂട് സ്വദേശി ആർ.എസ്. പ്രതാപും സംഘവും തന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുഞ്ഞുങ്ങളെ അസഭ്യം പറഞ്ഞിട്ടും കൊട്ടിയം പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഉമയനല്ലൂർ സ്വദേശി ശാരിക അനിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

കമീഷൻ കൊട്ടിയം ഇൻസ്പെക്ടറിൽനിന്ന് റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയും മറ്റ് ചില സ്ത്രീകളും ചേർന്ന് മതിൽ നിർമാണത്തിനെത്തിയ എതിർകക്ഷികളെ തല്ലിയെന്നും ഇതിനെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ പരാതി കളവാണെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് കമീഷൻ കൊട്ടിയം ഇൻസ്പെക്ടറെ വിളിച്ചുവരുത്തി. കമീഷൻ ഇടപെട്ടതിനെതുടർന്ന് പരാതിക്കാരിയുടെ പരാതിയിൽ കേസെടുത്തു. എന്നാൽ, ദുർബല വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. രണ്ടു പരാതികളിലും പൊലീസ് സ്വീകരിച്ചത് പക്ഷപാതപരമായ നിലപാടാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. പരാതിക്കാരിയുടെ പരാതി നിസ്സാരവത്കരിച്ചതായും കമീഷൻ നിരീക്ഷിച്ചു.

Tags:    
News Summary - Controversy over attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.