മന്ത്രി ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഉയരപ്പാത
തുറന്നുകൊടുക്കാനെത്തിയപ്പോൾ
കൊട്ടിയം: ഏറെനാളത്തെ മുറവിളിക്കൊടുവിൽ കല്ലുംതാഴത്തെ ഉയരപ്പാതയുടെ ഒരുവശം ഗതാഗതത്തിനായി തുറന്നു. മന്ത്രിമാരായ ഷിബു ബേബി ജോൺ, ബിന്ദു കൃഷ്ണ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, കലക്ടർ ആനി ജൂലാ തോമസ് എന്നിവർ ഔദ്യോഗിക വാഹനത്തിൽ ഉയരപ്പാതയിലൂടെ യാത്രചെയ്താണ് ഔദ്യോഗികമായി തുറന്നുകൊടുത്തത്.
ഒരു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി റോഡ് തുറന്നു കൊടുക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടം അടക്കം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നാലുമാസത്തിനുശേഷമാണ് റോഡിലെ ഒരുവശം തുറന്നത്. മങ്ങാട് ഭാഗത്തുനിന്ന് അയത്തിൽ ഭാഗത്തേക്കുള്ള റോഡാണ് ഇരുവശങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾക്ക് പോകത്തക്ക രീതിയിൽ തുറന്നുകൊടുത്തത്. ഇതോടെ ഓണക്കാലത്ത് നഗരത്തിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. റോഡ് അടച്ചത് മൂലം വലിയ കുരുക്കായിരുന്നു നഗരത്തിൽ അനുഭവപ്പെട്ടിരുന്നത്. റോഡ് തുറക്കണമെന്ന് ജനങ്ങൾ മുറവിളി ഉയർത്തിയതോടെ മന്ത്രി ഷിബു ബേബി ജോൺ നിർമാണ സ്ഥലം സന്ദർശിക്കുകയും കഴിഞ്ഞമാസം അവസാനം റോഡ് തുറന്നുകൊടുക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ഒരു മാസം പിന്നിട്ട ശേഷമാണ് റോഡ് തുറന്നത്. ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പാലത്തറ രാജീവ്, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് എന്നിവരും സംബന്ധിച്ചു.
ഉയരപ്പാതയുടെ ഒരുവശം തുറന്നെങ്കിലും കല്ലുംതാഴം ജംഗ്ഷനിൽ പോകണമെങ്കിൽ പുളിയത്തുമുക്ക് കല്ലുംതാഴം പെട്രോൾ പമ്പ് റോഡിലൂടെ വേണം പോകേണ്ടത്. ഇവിടെയുള്ള ലെവൽ ക്രോസ് അടച്ചാൽ ഈ ഇടുങ്ങിയ റോഡിൽ വാഹനങ്ങളുടെ വലിയ നിരയാണ് രൂപപ്പെടുന്നത്. ഉയരപ്പാതയ്ക്ക് ഇരുവശത്തുമുള്ള രണ്ട് സർവീസ് റോഡുകൾ റെയിൽവേ ലൈന് സമീപം എത്തി നിൽക്കുകയാണ്. ഇവിടെ രണ്ടു പാലങ്ങൾ നിർമിച്ചെങ്കിൽ മാത്രമേ സർവീസ് റോഡ് വഴി കല്ലുംതാഴം ജംഗ്ഷനിൽ എത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.