പുനലൂർ: തെന്മല ജലസേചന പദ്ധതി (കെ.ഐ.പി) ആസ്ഥാനത്ത് നിർമാണം പൂർത്തിയാക്കിയ വിനോദസഞ്ചാര പദ്ധതികൾ ഈ ഓണത്തിനും കാടുമൂടി അടഞ്ഞു തന്നെ. നിർമാണം പൂർത്തിയാക്കി രണ്ടുവർഷം കഴിഞ്ഞ കേന്ദ്രങ്ങൾ ആണ് ഇനിയും തുറക്കാത്തത്. ഉപയോഗമില്ലാതെ, ടൂറിസം സോണുകൾ എല്ലാം നാശത്തിന്റെ വക്കിലാണ്.
ഡാം പുനരധിവാസ- മെച്ചപ്പെടുത്തൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടമായാണ് കെ.ഐ.പി വളപ്പിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും വരുമാനം വർധിപ്പിക്കാനും ഉദ്ദേശിച്ച് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാന സർക്കാർ നാല് കോടി രൂപ അനുവദിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ ആകർഷകമാക്കി സഞ്ചാരികളെ എത്തിച്ച് അതിലൂടെ കൂടുതൽ വരുമാനം നേടാൻ ഉദ്ദേശിച്ചായിരുന്നു പദ്ധതി. കുട്ടികളുടെ പാർക്ക്, ഫൗണ്ടൻ, ഇക്കോ ഷോപ്പുകൾ, ടോയ്ലറ്റ് സംവിധാനം എന്നിങ്ങനെ പദ്ധതികൾ നടപ്പാക്കി. എന്നാൽ, പദ്ധതിക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാതെ വന്നതോടെയാണ് പ്രവർത്തനം അനിശ്ചിതത്വത്തിൽ ആയത്.
കെ.എസ്.ഇ.ബിയുമായുള്ള തർക്കമാണ് കാരണമായി അറിയുന്നത്. കുട്ടികളുടെ പാർക്ക് അടക്കം കാടുമൂടി ഇവിടെ സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങൾ നാശത്തിലായി. പ്രവേശന കവാടത്തോട് ചേർന്ന് കാടുമൂടി കിടന്ന ഭാഗം കഴിഞ്ഞദിവസം തൊഴിലുറപ്പുകാരെകൊണ്ട് നീക്കം ചെയ്തതാണ് ഏക ആശ്വാസം.
അടിസ്ഥാന സൗകര്യങ്ങളും ഒട്ടുമില്ലെങ്കിലും ദിവസവും നൂറുകണക്കിന് ആൾക്കാരാണ് ടിക്കറ്റ് എടുത്ത് പദ്ധതിയുടെ ഡാം സൈറ്റിലും മറ്റും സഞ്ചാരികളായി എത്തുന്നത്. വിനോദസഞ്ചാര പദ്ധതി കേന്ദ്രം കൂടി തുറന്നിരുന്നെങ്കിൽ കൂടുതൽ ആളുകൾ എത്തുകയും വരുമാനം ഉയരുകയും ചെയ്യുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.