വീട്ടുമുറ്റത്ത് കാട്ടാനക്കൂട്ടം; ഭീതിയോടെ പ്രദേശവാസികള്‍

കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം രാത്രിയില്‍ വീട്ടുമുറ്റത്തെത്തിയത് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി. ശക്തമായി മഴ പെയ്ത കഴിഞ്ഞ രാത്രിയില്‍ വില്ലുമല പുളിമൂട്ടില്‍ ഷീജയുടെ വീട്ടുമുറ്റത്താണ് കാട്ടാനക്കൂട്ടമെത്തിയത്. മഴയുടെ ശക്തി കുറയുന്നതിനിടെ, വീടിന്‍റെ അടുക്കള മുറ്റത്ത് കമ്പുകളും മറ്റും ഒടിയുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോഴാണ് തൊട്ടുമുന്നില്‍ ആന നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഭയന്ന് നിലവിളിച്ച് വാതിലടച്ച വീട്ടുകാര്‍ ടെറസ് വീടിനു മുകളിലെത്തി നോക്കുമ്പോഴാണ് അടുക്കള മുറ്റത്തായി കാട്ടാനക്കൂട്ടം നില്‍ക്കുന്നത് കണ്ടെത്തിയത്. വിളവെടുക്കാന്‍ പാകമായ കോലിഞ്ചി കൃഷി മുഴുവന്‍ കാട്ടാനക്കൂട്ടം നാമാവശേഷമാക്കിയതായും വാഴ, പച്ചക്കറി കൃഷികളും നശിപ്പിച്ചതായും വീട്ടുകാര്‍ പറഞ്ഞു. ജനവാസ മേഖലക്ക് ചുറ്റുമായി വനം വകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലി പ്രവര്‍ത്തനക്ഷമമല്ലാതായതാണ് നിരന്തരം കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തിലേക്കെത്തുന്നതിനു കാരണമെന്ന്​ നാട്ടുകാര്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.