ഇത് അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ മകള്‍ പായല്‍; പൊരുതി നേടിയത് എം.ജിയില്‍ ഒന്നാം റാങ്ക്

മഹാത്മാ ഗാന്ധി സര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ മകളും ബിഹാര്‍ സ്വദേശിനിയുമായ പായല്‍ കുമാരിക്ക് ഒന്നാം റാങ്ക്. അന്തര്‍ സംസ്ഥാന തൊഴിലാളി പ്രമോദ് കുമാറിന്റെ മകളാണ് പായല്‍ കുമാരി.

ഷെയ്ക്പുര ജില്ലയില്‍ ഗോസായ്മതി ഗ്രാമത്തിലായിരുന്നു പായലിന്റെ ജനനം. മാതാപിതാക്കളായ പ്രമോദ് കുമാറും ബിന്ദു ദേവിയും തൊഴിലന്വേഷിച്ചാണ് കേരളത്തിലെത്തിയത്. വിവിധ തൊഴിലുകള്‍ ചെയ്ത് കുടുംബം എറണാകുളം കങ്ങരപ്പടിയില്‍ താമസമുറപ്പിച്ചു.

തങ്ങള്‍ക്ക് ലഭിക്കാതിരുന്ന വിദ്യാഭ്യാസം മകള്‍ക്ക് നല്‍കണമെന്ന കാഴ്ചപ്പാടിലാണ് പായലിനെ പ്രമോദും ബിന്ദുവും ഇടപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ത്തത്. 83 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും 95 ശതമാനം മാര്‍ക്കോടെ പ്ലസ് ടുവും പായല്‍ വിജയിച്ചു. തുടര്‍ന്ന് പെരുമ്പാവൂര്‍ മാര്‍ത്തോമ്മ വനിതാ കോളേജില്‍ ഹിസ്റ്ററി വിഭാഗത്തില്‍ ബിരുദ പഠനത്തിന് ചേരുകയായിരുന്നു.

എന്‍.എസ്.എസ് വളണ്ടിയറായ പായല്‍, 2018ലെ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലടക്കം സജീവമായിരുന്നു. ഇടക്കാലത്ത് ഇളയ രണ്ട് സഹോദരങ്ങളെ കരുതി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തൊഴില്‍ തേടാന്‍ ഒരുങ്ങിയെങ്കിലും കോളേജും ഹിസ്റ്ററി വിഭാഗവും മാനസിക, സാമ്പത്തിക പിന്തുണയുമായി പായല്‍ കുമാരിക്കൊപ്പം നിന്നു.

85 ശതമാനം മാര്‍ക്കോടെയാണ് പായല്‍ സര്‍വകലാശാലയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്.

പായലിനെ അനുമോദിക്കാന്‍ മാര്‍ത്തോമ്മ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നാളെ ഓണ്‍ലൈനായി അനുമോദന സമ്മേളനം നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.