നീലേശ്വരം: ജില്ലയിൽ കാലവർഷം കനത്തതോടെ റെഡ് അലർട്ട് പ്രഖ്യാപനം വന്നതോടെ താഴ്ന്ന പ്രശേങ്ങളിൽ താമസിക്കുന്നവരും പുഴയോരത്ത് താമസിക്കുന്നവരും വെള്ളപ്പൊക്ക ഭീഷണി വരുമെന്ന ആശങ്കയിലാണ്. ഇത് കൂടാതെ കുന്നിൻചെരിവുകളിൽ താമസിക്കുന്ന കുടുംബങ്ങളും തീരദേശത്ത് താമസിക്കുന്നവരും കാലവർഷം ആരംഭിച്ചതോടെ ഭീതിയിലാണ്.
ഇങ്ങനെ പ്രളയവും ഉരുൾപൊട്ടലും കടൽക്ഷോഭവും വരുമ്പോൾ നീലേശ്വരത്ത് അനുവദിച്ച ദുരന്ത നിവാരണസേന കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം സർക്കാർ നടപ്പിലാക്കാതെ ഫയലിൽ കിടക്കുകയാണെന്നാണ് ആരോപണം.
നീലേശ്വരം പാലാത്തടം പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിന് സമീപത്തെ ഭൂമിയാണ് ജില്ലക്കനുവദിച്ച ദുരന്ത നിവാരണ സേന കേന്ദ്രം സ്ഥാപിക്കാൻ കണ്ടെത്തിയത്. പാലാത്തടം റോഡരികിലുള്ള ഏട്ട് ഏക്കർ റവന്യൂ ഭൂമി കെട്ടിടം നിർമിക്കാൻ കണ്ടെത്തുകയും ചെയ്തു.
2014ലാണ് സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ സംഭവിച്ചപ്പോൾ ജില്ലയിലും ഒരു ദുരന്ത നിവാരണ സേന കേന്ദ്രം വേണമെന്ന ആവശ്യത്തെതുടർന്ന് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്.
കേന്ദ്രത്തിനായി പാലാത്തടത്ത് സ്ഥലം കണ്ടെത്തിയപ്പോൾ 2014ലെ ദുരന്തനിവാരണ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ പാലാത്തടത്തെത്തി സ്ഥലം സന്ദർശിച്ചിരുന്നു. സേന കേന്ദ്രത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് ഡോ. ബി. സന്ധ്യ വിലയിരുത്തുകയും ചെയ്തു.
സേന കേന്ദ്രം വരുന്ന സമീപത്ത് റെയിൽവേ സ്റ്റേഷൻ, നീണ്ട കടൽതീരം, പുഴ, ഹെലിപ്പാടിന് അനുയോജ്യം എന്ന് പരിഗണിച്ചാണ് പാലാത്തടത്ത് മതിയെന്ന ധാരണയിൽ അധികൃതർ എത്തിയത്. എന്നാൽ, കാലവർഷം അതിതീവ്ര ശക്തിയിൽ എത്തിയിട്ടും ജില്ലക്കനുവദിച്ച ദുരന്ത നിവാരണ സേന കേന്ദ്രത്തിന്റെ ഫയൽ തുറന്നു നോക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.