തെരു റോഡിൽ നിർത്തിയിട്ട ബസിന് പിറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച നിലയിൽ
നീലേശ്വരം: നീലേശ്വരത്ത് ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിനു പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു. വൻ അപകടം ഒഴിവായി. നീലേശ്വരം രാജ റോഡ്- തെരു റോഡ് ജങ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് അപകടം. ബസ് സ്റ്റാൻഡിൽനിന്ന് തൈക്കടപ്പുറം ഭാഗത്തേക്ക് പോകുന്ന കിച്ചു സ്വകാര്യ ബസിനു പിന്നിലാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്. തെരു റോഡ് ബസ് സ്റ്റോപ്പിൽ നിർത്തിയശേഷം യാത്രക്കാരെ കയറ്റുന്നതിനിടയിൽ ഈ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പിറകിൽ ഇടിക്കുകയായിരുന്നു.
സ്കൂൾ കുട്ടികളടക്കം സ്വകാര്യ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു. ആർക്കും പരിക്കില്ല. വൺവേ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായാണ് തെരു റോഡ് വഴി ബസുകൾ പോകുന്നത്. രാജാ റോഡും തെരു റോഡും കൂടി ചേരുന്ന ജങ്ഷനിലാണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. ഇത് ഏറെ അപകടം പിടിച്ച സ്ഥലമാണ്.
ഇവിടെ ഒരു ബസ് നിർത്തുമ്പോൾ പിറകെ വരുന്ന ബസ് മറികടക്കുന്നതിടയിൽ പലപ്പോഴും അപകടം നടക്കാറുണ്ടെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ഇതിനുപുറമെ തെരു റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതക്കുരുക്കം നിത്യ കാഴ്ചയാണ്. തെരു റോഡിൽ കൂടി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മൂലം ഗതാഗത സ്തംഭനം പതിവാണ്. എന്നാൽ, നീലേശ്വരം നഗരസഭ അധികൃതരോ പൊലീസോ തെരു റോഡ് ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മുന്നോട്ടുവരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.