നീലേശ്വരം രാജാറോഡുമായി ബന്ധിപ്പിക്കുന്ന തളിയിൽ ലിങ്ക് റോഡിൽ കരിങ്കൽചീളുകൾ

ചിതറിക്കിടക്കുന്നു

എപ്പോൾ ടാർ ചെയ്യും​? പൊടിതിന്ന്​ പൊതുജനം

നീലേശ്വരം: മഴ പെയ്തതിനാൽ നിർത്തിവെച്ച ടാറിങ് പ്രവൃത്തി എത്രയും വേഗം നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. നീലേശ്വരം നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന അഞ്ച് മുനിസിപ്പൽ ലിങ്ക് റോഡുകൾ ആധുനികവത്കരിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് ഇപ്പോൾ താളം തെറ്റിനിൽക്കുന്നത്. വാഹനങ്ങൾ സഞ്ചരിക്കാനാവാത്ത സ്ഥിതിയുണ്ട്. തകർന്ന റോഡിന് മുകളിൽ കരിങ്കൽച്ചീളുകൾ ചിതറിക്കിടക്കുന്നുണ്ട്.

നീലേശ്വരം രാജാ റോഡുമായി ബന്ധിപ്പിക്കുന്ന ബസാർ, തളിയിൽ അമ്പലം റോഡ്, ശ്രീവത്സം, രാജാ റോഡ് ലിങ്ക് റോഡ്, ചിറ-കരിഞ്ചാത്തം വയൽ തുടങ്ങി 15 കിലോമീറ്റർ ദൂരത്തിൽ 3.80 മീറ്റർ മുതൽ ഏഴു മീറ്റർ വരെ മെക്കാഡം ടാറിങ് ചെയ്ത് ആധുനികവത്കരിക്കുന്നതാണ് പദ്ധതി. ഇതിനായി 2020-21 സാമ്പത്തിക വർഷത്തെ ബജറ്റിൽ അഞ്ചു കോടി ഉൾപ്പെടുത്തിയശേഷം ടെൻഡർ നടപടി പൂർത്തിയാക്കി. എന്നാൽ, റോഡുകളെല്ലാം കുത്തിപ്പൊളിച്ച് ചെറുകരിങ്കൽ ഇറക്കിയശേഷം ടാറിങ് നടത്താതെ നീണ്ടുപോയി.

നീലേശ്വരം മണ്ഡലം കോൺഗ്രസ് നേതൃത്വവും വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റും നഗരസഭ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നറിയിച്ചപ്പോൾ അധികൃതർ പ്രശ്നത്തിൽ ഇടപെട് ചർച്ച നടത്തി സമരത്തിൽനിന്ന് പിൻമാറ്റുകയായിരുന്നു. തുടർന്ന് ടാറിങ് നടത്താൻ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. ആഴ്ചകൾക്കുശേഷം തെരുറോഡും വില്ലേജ് ഓഫിസ് റോഡും ടാറിങ് നടത്തി.

പിന്നീട് കാലവർഷം ആരംഭിച്ചതോടെ തളിയിൽ റോഡ്, ചിറ റോഡ്, രാജാ റോഡ്, ലിങ്ക് റോഡുകളുടെ പ്രവൃത്തികൾ നിലച്ചു. ഈ റോഡുകളെല്ലാം പോളിച്ചിട്ട ശേഷം ചെറിയ കരിങ്കല്ലുകൾ ഇറക്കി.  മഴമാറി ആഴ്ചകൾ പിന്നിട്ടിട്ടും ടാറിങ് പ്രവൃത്തി പുനരാരംഭിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. റോഡ് നിർമാണപ്രവൃത്തി തുടങ്ങി മാസങ്ങളായിട്ടും പൂർത്തീകരിച്ചില്ല. ഇതിനാൽ വ്യാപാരികളും പൊതുജനങ്ങളും ദുരിതത്തിലാണ്.

റോഡിൽ ചിതറിക്കിടക്കുന്ന കരിങ്കൽചീളുകളും പൊടിയും കാരണം വഴിയാത്രപോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. സ്കൂൾ, ക്ഷേത്രം, ബാങ്ക്, മറ്റ് വ്യാപാരസ്ഥാപനങ്ങളടക്കം പ്രവർത്തിക്കുന്ന റോഡിലെ ഗതാഗതം ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും ബന്ധപ്പെട്ടവർക്ക് ഒരു കുലുക്കവുമില്ല. റോഡ് എത്രയും വേഗം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ടാറിങ് നടത്തിയില്ലെങ്കിൽ പ്രത്യക്ഷസമരത്തിനിറങ്ങുമെന്നും മണ്ഡലം കോൺഗ്രസ് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് നഗരസഭ ഓഫിസ് മാർച്ച് ഉൾപ്പെടെയുള്ള സമരത്തിനൊരുങ്ങുകയാണ്.

Tags:    
News Summary - When will Complete Road Construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.