ഭാഗ്യമില്ലാതെ ലോട്ടറി വിൽപനക്കാർ

നീലേശ്വരം: ഭാഗ്യപരീക്ഷണത്തിന് വിലക്കുവീണതോടെ ജീവിതത്തി​െൻറ താളംതെറ്റി ലോട്ടറി വിൽപനക്കാര്‍. കോവിഡ് രണ്ടാം തരംഗത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരുടെ ജീവിതം ദുരിതത്തിലാണ്. കേരള ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവരുടെ വരുമാനം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ അടച്ചിടലിനുശേഷവും ലോട്ടറി വിൽപനയില്‍ മൂന്നിലൊന്ന് ഇടിവാണുണ്ടായത്. വില വര്‍ധിച്ചതിനാല്‍ ടിക്കറ്റ് വാങ്ങാന്‍ പലരും മടിച്ചു. വിഷു ബംപറടക്കമുള്ള വരുമാന വര്‍ധനവുണ്ടാക്കുന്ന ലോട്ടറി കച്ചവടം വലിയ തകര്‍ച്ചയാണ് നേരിട്ടത്. ജി.എസ്.ടി നേരിട്ട് പണമായി നല്‍കണമെന്ന നിബന്ധന ലോട്ടറി ഏജൻറുമാരെ ശരിക്കും വലച്ചു. ലോട്ടറി എടുക്കാന്‍ പറ്റാതെ ഒരു വിഭാഗം ഏജൻറുമാര്‍ കഷ്​ടപ്പെട്ടു. നൂറ് ടിക്കറ്റ് വിറ്റിരുന്ന ഏജൻറിന് 40 ടിക്കറ്റുപോലും വില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. അഞ്ചുകോടി രൂപ, കെട്ടിക്കിടക്കുന്ന ലോട്ടറികള്‍ വില്‍ക്കാനായി പരസ്യം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചു. അപ്പോഴും തൊഴിലാളികളെ അവഗണിച്ചു.

ഭിന്നശേഷിക്കാര്‍, പ്രായമായവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, വിധവകള്‍ തുടങ്ങിയ ലോട്ടറി വിൽപനക്കാരില്‍ ഏറെയും ദുര്‍ഭല വിഭാഗക്കാരാണ്. മറ്റ് തൊഴില്‍ ചെയ്യാന്‍ കഴിയാത്ത ഇവരുടെ ഏക വരുമാനമാര്‍ഗം ലോട്ടറി കച്ചവടം മാത്രമാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടി ടിക്കറ്റിനൊപ്പം മാസ്‌ക്കും സാനിറ്റൈസറുമൊക്കെ വില്‍ക്കുന്നവരുമുണ്ട്. ഇനി ലോക്ഡൗണിനുശേഷം വിൽപന പുനരാരംഭിച്ചാലും നേരത്തേ നിര്‍ത്തിവെച്ച ഏഴുലോട്ടറികളുടെ നറുക്കെടുപ്പാണ് ആദ്യം നടത്തുക. അതിനാല്‍ തൊഴിലാളികള്‍ക്ക് വരുമാനമെന്തെങ്കിലും കിട്ടാന്‍ അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ കൈയിലെത്തുന്നതുവരെ കാത്തിരിക്കണം. ഇത്തവണ 1000 രൂപ സഹായമായി സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിതരണം ആരംഭിച്ചിട്ടില്ല.

ആകെ വരുന്ന ലോട്ടറി വിൽപനക്കാരിൽ പകുതി പേര്‍ക്ക് മാത്രമാണ് ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. ഇതോടെ ക്ഷേമനിധിയില്‍ അംഗത്വമില്ലാത്ത തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കാത്ത സ്ഥിതിയാണ്. വഴിയോരങ്ങളിലെ ലോട്ടറി ടിക്കറ്റ് ചില്ലറ വിൽപനക്കാര്‍ തന്നെ ലക്ഷത്തിലേറെ വരും. റീട്ടെയില്‍ വിൽപനക്കാരില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങി നടന്നുവില്‍ക്കുന്നവരാണ് ഇതിലധികവും. ഇവരില്‍ ബഹുഭൂരിപക്ഷത്തിനും ക്ഷേമനിധി അംഗത്വം പോലുമില്ല. തങ്ങളുടെ ദുരിതത്തിന് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണമെന്നാണ് ലോട്ടറി വിൽപനക്കാരുടെ ആവശ്യം. ചുരുങ്ങിയത് 10,000 രൂപക്ക് തുല്യമായ സഹായം നല്‍കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.

Tags:    
News Summary - Unlucky lottery sellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.