രണ്ടാഴ്ചയിലധികമായി കരിങ്കൽ ചീളുകൾ നിരത്തിയതുമൂലം ഗതാഗത യോഗ്യമല്ലാതായ നീലേശ്വരം തെരു റോഡ്
നീലേശ്വരം: നഗരഹൃദയത്തിലെ അഞ്ചോളം റിങ് റോഡുകൾ ടാറിങ് നടത്താതെ പൊതുജനങ്ങളെയും വ്യാപാരികളെയും ദ്രോഹിക്കുന്ന നഗരസഭ അധികൃതരുടെ നടപടിക്കെതിരെ വ്യാപാരികൾ സമരത്തിലേക്ക്.
വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് യോഗമാണ് മേയ് 20ന് ശേഷം പ്രത്യക്ഷ സമരത്തിലേക്ക് പോകാൻ തീരുമാനിച്ചത്. തെരു, തളിയിൽ, കോവിലകം ചിറ, ഹോമിയോ ആശുപത്രി, അരയാൽതറ എന്നീ റോഡുകളാണ് ടാറിങ് നടത്താതെ കിടക്കുന്നത്. ഈ റോഡുകളിലെല്ലാം രണ്ടാഴ്ചയിലധികമായി കരിങ്കൽ ചീളുകൾ നിരത്തിയത് മൂലം കാൽനട യാത്രയും വാഹന ഗതാഗതവും ഇല്ലാതായി. ഈ റോഡുകളുടെ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ റോഡിലെ ഗതാഗതം ഇല്ലാത്തത് മൂലം കച്ചവടവും ഇല്ലാതായി.
ദേശീയ പാതയിൽനിന്ന് നഗരത്തിലേക്കെത്തുന്ന തെരു റോഡിലെ ഗതാഗതവും ഇങ്ങനെ ഇല്ലാതായി. ദേശീയപാത നിർമാണം മൂലം പൊറുതിമുട്ടിയ നീലേശ്വരത്തെ ജനങ്ങൾ നഗരഹൃദയത്തിലെ റിങ് റോഡുകളിൽ കൂടി സുഗമമായി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. നഗരസഭ അധികൃതരുടെ ഈ അനാസ്ഥക്കെതിരെ നീലേശ്വരത്തെ സന്നദ്ധ സംഘടനകളെയും പൊതുജനങ്ങളെയും സഹകരിപ്പിച്ചു കൊണ്ട് പ്രക്ഷോഭം നടത്തുവാനും യോഗം തീരുമാനിച്ചു.
പ്രസാഡന്റ് കെ.വി. സുരേഷ് കുമാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഡാനിയൽ സുകുമാർ ജേക്കബ്, എം. ജയറാം, സി.വി. പ്രകാശൻ, സെക്രട്ടറിമാരായ സി.എച്ച്. അബ്ദുൾ റഷീദ്, ശശിധരൻ പാണ്ടിക്കോട്ട്, തുളസിദാസ്, കെ.എം. ബാബുരാജ്, പി.വി. പവിത്രൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ സ്വാഗതവും ട്രഷറർ എം. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.