നീലേശ്വരം: നീലേശ്വരം നഗരസഭയെയും കയ്യൂർ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലായി പാലത്തിന്റെ ഷട്ടർ തുറന്നത് താൽക്കാലികമായി ലഭിച്ച വൈദ്യുതി കണക്ഷൻ ഉപയോഗിച്ച്. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഷട്ടർ തുറന്നതിനാലാണ് സമീപ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നൊഴിവായത്. മാസങ്ങൾക്കുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് പാലായി അണക്കെട്ട് ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ, ഇതുവരെയായിട്ടും വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
വൈദ്യുതി വകുപ്പിൽനിന്ന് താൽക്കാലിക അനുമതി ലഭിച്ചതുകൊണ്ടാണ് ഇപ്പോൾ ഷട്ടർ ഉയർത്താനായത്. ഷട്ടർ ഉയർത്താൻ പ്രത്യേക ട്രാൻസ്ഫോമർ സ്ഥാപിച്ച് വൈദ്യുതി തൂണുകൾ സ്ഥാപിച്ചതല്ലാതെ കണക്ഷൻ ഇതുവരെ ലഭിച്ചിട്ടില്ല. കൂടിയ ശേഷി വൈദ്യുതി ഉണ്ടെങ്കിൽ മാത്രമേ ഷട്ടർ തുറക്കാനാവൂ. വൈദ്യുതി ഇല്ലാതായാൽ പകരം സംവിധാനമായി ജനറേറ്റർ ഒരുക്കിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രവർത്തിപ്പിക്കാൻ തയാറായിട്ടില്ല.
പാലം നിർമാണം നടത്തിയ നിർമാണ കമ്പനി ജനറേറ്റർ ജലസേചന വകുപ്പിന് കൈമാറാത്തതിനാൽ വെറുതെ കിടക്കുകയാണ്. വെള്ളം ഉയർന്നപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിച്ച് ഷട്ടർ ഉയർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജനറേറ്ററിൽ ഡീസൽ ഇല്ല എന്ന വാദമാണ് അധികൃതർ ഉന്നയിച്ചത്. നാട്ടുകാരും വകുപ്പ് അധികൃതരും ഇതേചൊല്ലി വാക്കുതർക്കവുമുണ്ടായിരുന്നു.
18 ഷട്ടറുകളിൽ പതിനഞ്ചെണ്ണം തുറന്നു. കയ്യൂർ, കൂക്കോട്ട്, കണിയാട പാലായി, നീലായി പ്രദേശങ്ങളിലാണ് വെള്ളം ഉയർന്നത്. അതിനിടെ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ഷട്ടർ ഉയർത്തുമ്പോൾ നീലേശ്വരം നഗരസഭാധികൃതരെ അറിയിച്ചില്ല. ഇതിൽ നഗരസഭാധികൃതർ പ്രതിഷേധം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.