നീലേശ്വരം നഗരസഭക്ക് സമ്പൂർണ ശുചിത്വ പദവി

നീലേശ്വരം: നീലേശ്വരം നഗരസഭക്ക് സംസ്ഥാന ഹരിത കേരള മിഷൻ സമ്പൂർണ ശുചിത്വ നഗരസഭ പദവി നൽകി. സ്വാതന്ത്ര്യദിനത്തിൽ ഗൂഗ്​ൾ മീറ്റിലൂടെ കേരള മിഷൻ എക്​സിക്യൂട്ടിവ്​ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ ശുചിത്വ പദവി പ്രഖ്യാപനം നിർവഹിച്ചു.

നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൻ വി. ഗൗരി, വിവിധ സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ പി. ഭാർഗവി, എറുവാട്ട്​ മോഹനൻ, നഗരസഭ സെക്രട്ടറി കെ. ശിവജി എന്നിവർ സംസാരിച്ചു.

മാലിന്യ പരിപാലന രംഗത്ത് നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും അവ വിജയകരമായി നടപ്പാക്കുകയും ചെയ്തതിനുള്ള അംഗീകാരമായിട്ടാണ് പദവി ലഭിച്ചത്. 26.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള നഗരത്തി​െൻറ മുഴുവൻ പ്രദേശങ്ങളും പരിസ്ഥിതി സൗഹൃദമായ രീതിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ പ്രവർത്തിക്കുന്നത്.

നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന ഹരിതകർമസേന മാലിന്യ പരിപാലന രംഗത്ത് നഗരസഭയുടെ മുഖമുദ്രയാണ്. 32 ഹരിതകർമസേന പ്രവർത്തകർ മാസത്തിൽ ഒരുതവണ എന്ന തോതിൽ എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യശേഖരണം നടത്തിവരുന്നുണ്ട്. 

മടിക്കൈ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്​

കാസർകോട്​: സംസ്ഥാന ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത കേരള മിഷ​െൻറ നേതൃത്വത്തില്‍ ജില്ലയില്‍ ശുചിത്വ പദവി നേടുന്ന ആദ്യ പഞ്ചായത്തായി മടിക്കൈ. മടിക്കൈ ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം പദ്ധതി 2016ല്‍ രൂപവത്കരിച്ചുകൊണ്ട് വിപുലമായ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളാണ് ഇതിനകം നടപ്പാക്കിയത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും തുണിസഞ്ചി വിതരണം, എരികുളത്ത് ആധുനിക മാലിന്യ സംസ്‌കരണ കേന്ദ്രം, വാര്‍ഡുകളില്‍ മാലിന്യ ശേഖരണപ്പെട്ടികള്‍, സമ്പൂര്‍ണ വെളിയിട വിസര്‍ജനരഹിത പഞ്ചായത്ത്, ഉറവിട മാലിന്യ സംസ്‌കരണത്തിന് ബയോഗ്യാസ് പ്ലാൻറുകള്‍, കമ്പോസ്​റ്റ്​ പിറ്റ് നിർമാണം എന്നിവയെല്ലാം പഞ്ചായത്തി​െൻറ നേട്ടങ്ങളാണ്. ജില്ലയില്‍ ആദ്യമായി രൂപവത്​കരിച്ച ഹരിത കര്‍മസേന വഴി മുഴുവന്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പ്ലാസ്​റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നു. കേരഗ്രാമം പദ്ധതിയുടെ കീഴില്‍ ജൈവവള നിർമാണ യൂനിറ്റ് ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളോടെ അജൈവ മാലിന്യ ശേഖരണ യൂനിറ്റിന് പുതിയ കെട്ടിടം നിർമിച്ചു.

ശുചിത്വ പദവി പ്രഖ്യാപനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം. ഗൗരി നടത്തി. പഞ്ചായത്ത് പ്രസിഡൻറ്​ സി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സുബ്രമണ്യന്‍ മുഖ്യാതിഥിയായിരുന്നു. സ്ഥിരംസമിതി ചെയര്‍മാന്‍ അബ്ബ്​ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.

ബേഡഡുക്ക സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്

കാസർകോട്​: ബേഡഡുക്കയെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്തി​െൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജ്​ ലൈവിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് പ്രഖ്യാപനം നടത്തിയത്​.

അഞ്ചു വര്‍ഷക്കാലമായി മാലിന്യ നിർമാര്‍ജന രംഗത്ത് പഞ്ചായത്ത് നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ പ്രഖ്യാപനം. ജില്ലയില്‍ ആദ്യമായി ഹരിത കര്‍മസേന രൂപവത്​കരിച്ച് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ പഞ്ചായത്താണ് ബേഡഡുക്ക. തരിശുരഹിത പഞ്ചായത്തായി 2020ല്‍ ബേഡഡുക്ക പഞ്ചായത്തിനെ തിരഞ്ഞെടുത്തിരുന്നു. അഞ്ചു വര്‍ഷക്കാലമായി മാലിന്യ നിർമാര്‍ജനത്തിനും ശുചിത്വ രംഗത്തും പഞ്ചായത്ത് നടത്തിയ പടിപടിയായ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചതി‍െൻറ അടിസ്ഥാനത്തിലായിയുന്നു സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് പദവി നല്‍കിയത്. പഞ്ചായത്ത് പ്രസിഡൻറ്​ സി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സൻ ഡോ. ടി.എന്‍. സീമ, ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ത്​ ബാബു എന്നിവര്‍ മുഖ്യാതിഥികളായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഓമന രാമചന്ദ്രന്‍, കാസര്‍കോട് ഡി.ഡി.പി ജെയ്‌സണ്‍ മാത്യു, ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രമണ്യന്‍, ശുചിത്വ കേരളം മിഷന്‍ കോഓഡിനേറ്റര്‍ എ. ലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT