നീലേശ്വരം: ഉത്തരമലബാറിൽ ഒട്ടേറെ വാദ്യകലാകാരൻമാർക്ക് ജന്മമേകിയ നീലേശ്വരത്തിന്റെ, വാദ്യകലയെ ജനകീയമാക്കിയ മേളപ്പെരുമ നിലച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളിൽ മേളപ്പെരുക്കമുണ്ടെങ്കിൽ അവിടെ നാരായണ മാരാരും ഉണ്ടാകും.
മേളങ്ങളിൽ എല്ലാ വാദ്യങ്ങളിലും അനായാസേന കൈവഴങ്ങുന്ന അപൂർവസിദ്ധി ഇദ്ദേഹത്തിനുണ്ട്. പാണി കൊട്ടൽ കൃത്യമായ ചിട്ടയറിഞ്ഞവർക്ക് സാധ്യമാകുന്ന ഒന്നാണ്. അതുപോലും തന്റെ കരസ്പർശത്താൽ അസാധ്യമായി വഴങ്ങുമെന്ന് തെളിയിച്ചു. മദ്ദളം വാദകരിൽ പേരെടുത്ത അപൂർവം കലാകാരന്മാരിൽ ഒരാളാണ് നീലേശ്വരം നാരായണ മാരാർ. 1989 കൊട്ടിയൂർ ക്ഷേത്രത്തിൽ വെച്ച് മാരാർ പദവി ലഭിച്ചതോടുകൂടി ഒട്ടേറെ പുരസ്കാരങ്ങൾ ഈ വ്യക്തിയെ തേടിയെത്തി. 1990ൽ തിടമ്പുനൃത്തത്തിന് അകമ്പടിയായുള്ള മേളപ്പെരുമക്ക് കേരള കലാമണ്ഡലത്തിൽനിന്ന് പ്രശസ്തിപത്രം ലഭിച്ചു.
പുതുക്കൈ സദാശിവക്ഷേത്രത്തിൽനിന്നും കാഞ്ഞങ്ങാട് ബല്ലത്തപ്പൻ നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽനിന്നും പട്ടും വളയും ലഭിച്ചു. 2013ൽ റോട്ടറി ക്ലബിൽനിന്ന് എക്സലൻസി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. മേളപ്പെരുക്കത്തിൻറെ കുലപതിക്ക് 2014ൽ നീലേശ്വരം പൗരാവലി വീരശൃംഖല പട്ടം നൽകി ആദരിച്ചിട്ടുണ്ട്. അഖില കേരള മാരാർ ക്ഷേമസഭയുടെ കലാചാര്യ പുരസ്കാരം, സോപാന രത്നം പുരസ്കാരം എന്നിവയും ഈ പ്രതിഭയെ തേടിയെത്തി. കേരളത്തിൽതന്നെ പ്രസിദ്ധമായ മട്ടന്നൂർ പഞ്ചവാദ്യസംഘത്തിൽ മൃദംഗവാദകനായിരുന്നു.
പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിലും ഇദ്ദേഹത്തിൻ്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പ്രശസ്തനായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരോടൊപ്പം ഇസ്രായേലിൽ തന്റെ സാന്നിധ്യം അറിയിച്ചു. കോഴിക്കോട്, കണ്ണൂർ ആകാശവാണി കലാകാരൻ കൂടിയാണ്. മന്നൻപുറത്ത് ക്ഷേത്രത്തിലെ ജീവനക്കാരനായി പ്രവർത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.