നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടയിൽ നടന്ന വെടിക്കെട്ടപകടം (ഫയൽ ചിത്രം)
നീലേശ്വരം: ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ് ആറുപേർ മരിച്ച സംഭവത്തിന് ഒരാണ്ട് തികയുന്നു. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് 2024 ഒക്ടോടോബർ 28ന് അർധരാത്രിയിൽ നടന്ന വെടിക്കെട്ടപകടത്തിൽ ആറുപേരാണ് പൊള്ളലേറ്റ് ചികിത്സക്കിടയിൽ മരിച്ചത്. അർധരാത്രിയിൽ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ മൂവാളംകുഴി ചാമുണ്ഡിയുടെ വെള്ളാട്ട പുറപ്പാടിനിടയിൽ ക്ഷേത്രത്തിന്റെ മതിലിനോടുചേർന്ന് പടക്കം പൊട്ടിക്കുമ്പോൾ തെറിച്ച തീനാളം പടക്കം സൂക്ഷിച്ച മുറിയിലേക്ക് തെറിച്ച് തീഗോളറായി മാറിയാണ് അപകടത്തിന് കാരണമായത്.
തെയ്യം കാണാൻ തടിച്ചുകൂടിയ ആളുകൾക്കിടയിലേക്ക് പടക്കങ്ങൾ തെറിച്ച് കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്കുവരെ പൊള്ളലേറ്റു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ 160 പേർക്ക് പൊള്ളലേറ്റിരുന്നു. ഇതിൽ ആറുപേർ ചികിത്സക്കിടയിൽ വിവിധ ദിവസങ്ങളിൽ മരിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിനാണ് നീലേശ്വരം വെടിക്കെട്ടപകടത്തിന്റെ പ്രത്യേക അന്വേഷണച്ചുമതല നൽകിയത്. ആറുപേർ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
എന്നാൽ, ഒക്ടോബർ 28ന് ഒരുവർഷം തികയുമ്പോൾ വെടിക്കെട്ടപകടത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെയും സംഭവം നേരിൽ കണ്ടവരുടെയും മൊഴി ഇനിയും രേഖപ്പെടുത്താനുണ്ട്. വുണ്ട് സർട്ടിഫിക്കറ്റും ലഭിക്കാനുണ്ട്. ബന്തവസിലെടുത്ത സാമ്പിളുടെ പരിശോധന ഫലം ജില്ല ഫോറിൻസിക് ലാബിൽനിന്ന് ഇനിയും ലഭിക്കാനുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല.
വെടിക്കട്ടപകടത്തിൽ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രം പ്രസിഡന്റ് പടന്നക്കാട്ടെ റിട്ട. അധ്യാപകൻ ചന്ദ്രശേഖരൻ, സെക്രട്ടറി നീലേശ്വരം മന്ദംപുറത്തെ റിട്ട. എസ്.ഐ കെ.ടി. ഭരതൻ, ഭാരവാഹികളായ എ.വി. ഭാസ്കരൻ, തമ്പാൻ, ചന്ദ്രൻ, ബാബു, ശശി, വെടിമരുന്നിന് തീകൊളുത്തിയ രതീഷ്, കൊടച്ചാലിലെ കെ.വി. വിജയൻ എന്നിവർക്കെതിരെ കൊലപാതകം, നരഹത്യ ഉൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയത്. കേസിൽ ഉൾപ്പെട്ട ക്ഷേത്രഭാരവാഹികളായ അഞ്ചുപേർ ഇപ്പോഴും കാണാമറയത്താണ്.
കേസിൽ ഉൾപ്പെട്ട ഒമ്പത് പേരിൽ നാലുപേരെ അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി പിറ്റേദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ നാലുപേർക്ക് പിന്നീട് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. നീലേശ്വരം വെടിക്കെട്ടപകടം സംസ്ഥാന സർക്കാർ പിന്നീട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. പൊള്ളലേറ്റ മുഴുവൻ ആളുകളുടെയും ചികിത്സച്ചെലവ് സർക്കാർ വഹിച്ചിരുന്നു. മുഖത്തും കൈക്കും കാലിനും പുറത്തും തലക്കും പൊള്ളലേറ്റ നൂറുകണക്കിനാളുകൾ ഇപ്പോഴും ചികിത്സതുടരുകയാണ്. മിക്കവരും ഇനിയും വെടിക്കെട്ടപകടത്തിന്റെ ആഘാതത്തിൽനിന്ന് മോചിതരായിട്ടില്ല.
അപകടത്തിൽ മരിച്ചത് അഞ്ചുപേർ നിർധന കുടുംബാംഗങ്ങളാണ്. സംസ്ഥാന സർക്കാർ മരിച്ച കുടുംബത്തിന് നാലു ലക്ഷം രൂപ സഹായധനമായി നൽകിയിരുന്നു. ക്ഷേത്രം കമ്മിറ്റി അഞ്ചുലക്ഷം, എസ്.എൻ.ഡി.പി ഒരു ലക്ഷം, തിയ്യ സമുദായ ക്ഷേത്ര സംരക്ഷണസമിതി ഒരു ലക്ഷം രൂപയും സഹായധനമായി നൽകി. സാമ്പത്തിക സഹായം കിട്ടിയെങ്കിലും കുടുംബം അഞ്ഞൂറ്റമ്പലം ക്ഷേത്ര കമ്മിറ്റിയിൽനിന്ന് കുടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണ്. ഇത്തവണ കളിയാട്ടത്തിന് തെയ്യം കെട്ടില്ലാതെ ചടങ്ങുകൾ മാത്രം നടത്തി ആഘോഷം ചുരുക്കിയിട്ടുണ്ട്.
നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടയിലുണ്ടായ വെടിക്കെട്ടപകടത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം പൂർത്തിയായില്ലെന്ന് ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കി തുടർനടപടി സ്വീകരിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പത്ര-ദൃശ്യ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വെടിക്കെട്ട് നടത്തുന്നതിന് ക്ഷേത്രകമ്മിറ്റി നിയമാനുസൃതം ലൈസൻസ് എടുത്തിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പടക്കം വാങ്ങിയ കടക്ക് നിയമാനുസൃതം ലൈസൻസുണ്ടോ എന്നുമറിയണം.
അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുമുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നാണ് പറയുന്നത്. അപകടത്തിൽ പൊള്ളലേറ്റ് മരിച്ചവരുടെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ട്. വെടിക്കെട്ടിനുവേണ്ടി സംഭരിച്ചതും ഉപയോഗിച്ചതുമായ പടക്കത്തിന്റെ കണക്ക് കണ്ടെത്തണം.
പടക്കം വാങ്ങിയ കടയുടെ വിശദാംശങ്ങളും ലഭിക്കാനുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെയും സംഭവം നേരിൽ കണ്ടവരുടെയും മൊഴി രേഖപ്പെടുത്തണം. വുണ്ട് സർട്ടിഫിക്കറ്റും ലഭിക്കാനുണ്ട്. ബന്തവസ്സിൽ എടുത്ത സാമ്പിളുകളുടെ പരിശോധനഫലം ജില്ല ഫോറൻസിക് ലാബിൽനിന്ന് ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2024 ഒക്ടോബർ 20നാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഏറ്റെടുത്ത അന്വേഷണം ഊർജിതമായി നടന്നുവരുകയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.