നീലേശ്വരം പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം കൊലക്കേസ് പ്രതി പാർഥിപൻ
നീലേശ്വരം: കോടതി ജാമ്യം നൽകിയശേഷം വിചാരണയിൽ ഹാജരാകാതെ മുങ്ങിയ പ്രതിയെ എട്ടുവർഷത്തിനുശേഷം നീലേശ്വരം പൊലീസ് പിടികൂടി. എസ്.ഐ കെ.വി. രതീശനും പാർട്ടിയുമാണ് പ്രതിയെ തമിഴ്നാട് കോയമ്പത്തൂരിൽ വെച്ച് സാഹസികമായി പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
കോയമ്പത്തൂർ വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്ന തമിഴ്നാട് നീലഗിരിയിലെ പാർഥിപൻ എന്ന രമേശിനെയാണ് (26) പൊലീസ് പിടികൂടിയത്.
2008 ഫെബ്രുവരി 24ന് കരിന്തളം കരിമ്പിൽ കുടുംബത്തിലെ തറവാട്ടിൽ കാര്യസ്ഥനായിരുന്ന തമിഴ്നാട് സ്വദേശിയായ പാർഥിപൻ കരിമ്പിൽ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്ന ചിണ്ടനെ കൊലപ്പെടുത്തുകയായിരുന്നു. കരിമ്പിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് ശമ്പളമായി പണം നൽകിവരുന്ന ചിണ്ടന്റെ കൈയിൽ ലക്ഷങ്ങളുണ്ടെന്ന് കരുതിയ പ്രതി ചിണ്ടനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊല നടത്തിയ ദിവസംതന്നെ നീലേശ്വരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. വീണ്ടും ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം ലഭിച്ചു. അന്നു മുതൽ എട്ടുവർഷമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
ഇയാൾ കോയമ്പത്തൂർ വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്നുെണ്ടന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ താമസസ്ഥലം തിരിച്ചറിയുകയും തുടർന്ന് കോയമ്പത്തൂരിലെത്തിയ നീലേശ്വരം പൊലീസ് സംഘം ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പാർഥിപനെ കുടുക്കുകയായിരുന്നു.
എസ്.ഐ കെ.വി. രതീശൻ, സി.പി.ഒമാരായ അമൽ രാമചന്ദ്രൻ, പി.വി. സുഭാഷ്, കാസർകോട് സൈബർ സെല്ലിലെ ശിവൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.