കൊന്നക്കാട് വൈറ്റ് ആർമി കൂട്ടായ്മ പാമത്തട്ടിലെ ലിജീഷ് മാത്യുവിന് ഉപഹാരം നൽകുന്നു

കൊടുംകാട്ടിൽ വഴിതെറ്റിയ 15കാരൻ രാത്രി മുഴുവൻ ഒറ്റക്ക്​ കഴിച്ചുകൂട്ടി; നാട്ടുകാർ ചേർന്ന്​ രക്ഷിച്ചു

നീലേശ്വരം: കൊടുംകാട്ടിൽ  കനത്തമഴയെ തുടർന്ന്​ വഴിതെറ്റിയ 15കാരൻ രാത്രി മുഴുവൻ ഒറ്റക്ക്​  മരച്ചുവട്ടിൽ കഴിച്ചുകൂട്ടി. ഒടുവിൽ നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും ഫോറസ്​റ്റ്​ അധികൃതരും ചേർന്ന് രക്ഷിച്ചു.

 ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് പാമത്തട്ടിൽനിന്ന്​ ശനിയാഴ്ച വൈകീട്ട് മുതൽ കാണാതായ വട്ടമല ഷാജിയുടെ മകൻ ലിജീഷ് മാത്യുവിനെ (15) കണ്ടെത്തിയത്​. ഞായറാഴ്ച പുലർച്ചെ ശങ്കരങ്ങാനം വനത്തിനു സമീപത്തുനിന്നാണ് ലിജീഷിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ വനത്തിനുള്ളിൽനിന്ന്​ വീട്ടിലേക്ക് വരുന്ന കുടിവെള്ള പൈപ്പ് ശരിയാക്കാൻ പോയ ലിജീഷ് കനത്ത മഴയും കാറ്റും മഞ്ഞും കാരണം വനത്തിനുള്ളിൽ വഴിതെറ്റി പോവുകയായിരുന്നു.

നടന്നു തളർന്നു ഒരു മരച്ചുവട്ടിൽ ഇരുന്ന് നേരം വെളുപ്പിച്ചുവെന്നും ലിജീഷ് പറഞ്ഞു. കനത്ത മഴയിൽ വനത്തിനുള്ളിൽനിന്ന്​ വിദ്യാർഥിക്ക് വഴിതെറ്റിയതാകാമെന്ന നിഗമനത്തിൽ നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും ഫോറസ്​റ്റ്​ അധികൃതരും ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു.

വീട്ടിൽനിന്ന്​ വനത്തിനുള്ളിലെ കുടിവെള്ളം എടുക്കുന്ന സ്ഥലത്തേക്ക് സ്ഥിരമായി പോകുന്ന വഴിയിൽ കൂടിയാണ് ലിജീഷ് പോയത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ മഴക്കിടെ വനത്തിലേക്ക് പോയ ലിജീഷ് തിരിച്ചുവരാൻ വൈകിയതോടെയാണ് മകനെ കാണാനില്ലെന്ന് വീട്ടുകാർ അയൽ വാസികളെയും നാട്ടുകാരെയും അറിയിച്ചത്.

വിവരമറിഞ്ഞ്​ ബളാൽ പഞ്ചായത്ത് പ്രസിഡൻറ്​ രാജു കട്ടക്കയം, വെള്ളരിക്കുണ്ട് സി.ഐ അനിൽ കുമാർ, എസ്.ഐ വിജയകുമാർ, ഫോറസ്​റ്റ്​ ഉദ്യോഗസ്ഥർ, ഫയർഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഞായറാഴ്ച വെളുപ്പിന് ലിജീഷ് മാത്യുവിനെ കണ്ടെത്തിയത്.

കനത്ത മഴയത്ത്‌ ഒരു രാത്രി മുഴുവൻ കൊടും വനത്തിൽ കഴിയേണ്ടി വന്ന മകൻ തിരിച്ചെത്തിയ സന്തോഷത്തിലാണ് വീട്ടുകാർ. മാലോത്ത്‌ കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പാംതരം വിദ്യാർഥിയാണ് ലിജീഷ് മാത്യു.

Tags:    
News Summary - missing boy was found in forest in heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.