മനോഹരൻ കൊയാമ്പുറം (നിൽക്കുന്നവരിൽ 12ാം നമ്പർ ജഴ്സി) കബഡി ടീമിനൊപ്പം

ആരവങ്ങൾ ബാക്കിയാക്കി: കബഡി കോർട്ടുകളിലെ മിന്നും റൈഡർ ഇനി ഓർമ

നീലേശ്വരം: കരുത്തന്മാരുടെ കബഡി കോർട്ടിലെ മിന്നും റൈഡർ ദേശീയ കബഡി താരം നീലേശ്വരത്തെ മനോഹരൻ കൊയാമ്പുറം ഇനി ഓർമ. കരുത്തി​െൻറ ആൾരൂപമായ മനോഹരൻ എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. കേരളംകണ്ട ഏറ്റവും മികച്ച കബഡി റൈഡറായിരുന്നു.

ദിനേശ് ബീഡി തൊഴിലാളിയായിരുന്ന കാലത്താണ് കേരള കബഡി ടീമി​െൻറ ജഴ്സിയണിഞ്ഞത്. 1983ൽ ബീഡി തൊഴിലാളി കേരളത്തിനു വേണ്ടി കബഡിയിൽ ദേശീയമത്സരത്തിൽ പങ്കെടുത്തത് ചരിത്രമായിരുന്നു.

1983ൽ ഗോവയിലും, 1986ൽ ഹൈദരാബാദിലും നടന്ന കബഡി ചാമ്പ്യൻഷിപ്പിലും 1987ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിലും കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ച​െവച്ചു. ആദ്യമായി ദിനേശ് ബീഡി തൊഴിലാളി കേരളത്തിനുവേണ്ടി കളിച്ചിട്ടും അന്നത്തെ കമ്പനി അധികൃതർ ഒരു സ്വീകരണം പോലും നൽകാത്തത് മനോഹര​െൻറ നെഞ്ചിൽ കനൽപോലെ അവശേഷിച്ചിരുന്നു.

1983 മുതൽ 1990വരെ ജില്ലയുടെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു. ദേശീയ ടീമിൽ കളിച്ചിട്ടും ഒരു ജോലിയും ഈ താരത്തെ തേടിയെത്തിയില്ല. ദിനേശ് ബീഡിയിൽനിന്ന് പിരിഞ്ഞശേഷം ഒരുപാട് കാലം കല്ലുവെട്ട് തൊഴിൽ ചെയ്താണ് കുടുംബം പുലർത്തിയത്. കൊയാമ്പുറം സംഘം ക്ലബിൽ കൂടിയാണ് കബഡിയിൽ എത്തിയത്​.

ബുധനാഴ്ച വൈകീട്ട്​ മൂന്നിന്​ കോയാമ്പുറത്തെ വീടിനു സമീപത്തെ പുഴയോരത്ത് വളർത്തുനാ​െയ കുളിപ്പിക്കുമ്പോൾ കുഴഞ്ഞു വീണായിരുന്നു മരണം. ആവേശത്തി​െൻറ ആരവങ്ങൾ തീർക്കുന്ന കബഡി കോർട്ടിലെ ആ പഴയ റൈഡർ ഇനി കബഡി പ്രേമികളുടെ മനസ്സിൽ മായാതെ നിലനിൽക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.