നീലേശ്വരം: നമ്പർ 16347 തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസിലെ രണ്ട് ജനറൽ കംപാർട്ട്മെന്റുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം. സാധാരണയായി മുന്നിലും പിന്നിലുമായി രണ്ടുവീതം ജനറൽ കോച്ചുകളും പിന്നിൽ ഒരു ലേഡീസ് കോച്ചുമാണ് ട്രെയിനിനുള്ളത്. നിലേശ്വരത്തുനിന്ന് സ്ഥിരം യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഈ കോച്ച് പൊസിഷൻ കണക്കാക്കിയാണ് ട്രെയിൻ എത്തുമ്പോഴേക്കും പ്ലാറ്റ്ഫോമിൽ നിലയുറപ്പിക്കാറുള്ളത്. തിങ്കളാഴ്ച മംഗളൂരുവിൽ നെറ്റ് പരീക്ഷകൂടി ഉള്ളതിനാൽ സാധാരണ ഉണ്ടാകാറുള്ളതിലും അധികം യാത്രക്കാർ നീലേശ്വരത്തുണ്ടായിരുന്നു. എന്നാൽ ട്രെയിൻ നീലേശ്വരം സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിറകിലെ രണ്ട് ജനറൽ കംപാർട്ട്മെന്റുകളും ഇല്ലെന്ന് യാത്രക്കാരറിഞ്ഞത്.
നെറ്റ് പരീക്ഷ കേന്ദ്രം മംഗളൂരുവിലായതിനാൽ വനിതകൾക്ക് ഒപ്പം രക്ഷിതാക്കളും ഉണ്ടായിരുന്നു. വനിത പരീക്ഷാർഥികളും ഉദ്യോഗസ്ഥകളുമെല്ലാം ഒരുവിധം ലേഡീസ് കമ്പാർട്ട്മെന്റിൽ കയറിപ്പറ്റിയെങ്കിലും മറ്റുള്ളവർ കോച്ചുകൾ തിരഞ്ഞ് വെപ്രാളത്തോടെ ഓടിനടന്നു. ചിലർ തൊട്ടടുത്ത സ്റ്റേഷൻവരെ ലേഡീസ് കോച്ചിൽ നിലയുറപ്പിച്ചു. ലേഡീസ് കോച്ച് കഴിഞ്ഞാൽ എ.സി കോച്ചുകൾ ആയതിനാൽ അതിനകത്തുകൂടിതന്നെ സ്ലീപ്പർ കോച്ചുകളിലെത്താൻ ശ്രമിച്ചെങ്കിലും ടി.ടി.ഇ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.
ഇവരും അടുത്ത സ്റ്റേഷനിൽ ഇറങ്ങി സ്ലീപ്പർ കോച്ചുകൾ കണ്ടെത്താൻ ഓടിനടക്കേണ്ടിവന്നു. റെയിൽവേയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് യാത്രക്കാരിൽനിന്ന് ഉയർന്നത്. രാവിലെ 8.54 ന് കണ്ണൂർ -മംഗളൂരു പാസഞ്ചർ കടന്നുപോയാൽ പിന്നെ 9.11 ന് എത്തുന്ന ഈ ട്രെയിനാണ് കാസർകോട് ഭാഗത്തേക്കുള്ള ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവർക്ക് ആശ്രയം. മംഗളൂരുവിലേക്ക് ചികിത്സ ആവശ്യത്തിനായി പോകുന്നവരും ഈ ട്രെയിനിനെ ആശ്രയിക്കാറുണ്ട്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ പാസഞ്ചേഴ്സ് അസോസിയേഷനുകളുടെയും ജനപ്രതിനിധികളുടെയുമെല്ലാം അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.