പാലക്കാട് റെയിൽവേ ഡിവിഷൻ, അഡീഷനൽ റെയിൽവേ ഡിവിഷനൽ മാനേജർ
സി.ടി. സക്കീർ ഹുസൈൻ നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നു
നീലേശ്വരം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കുന്നു. നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്താണ് 55 മീറ്റർ നീളം കൂട്ടുന്നത്. വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം പാലക്കാട് റെയിൽവേ ഡിവിഷൻ, അഡിഷനൽ റെയിൽവേ ഡിവിഷനൽ മാനേജർ സി.ടി. സക്കീർ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. പ്ലാറ്റ്ഫോമിന്റെ നീളക്കുറവ് കാരണം, ജനറൽ കമ്പാർട്ട്മെന്റിൽ കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കാര്യം നേരത്തേ റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
7.65 ലക്ഷം രൂപ ചെലവിൽ ഇരു നടപ്പാലങ്ങൾക്ക് സമീപം രണ്ട് ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. എഫ്.സി.ഐ ഗോഡൗണിനോട് ചേർന്ന സ്ഥലം പെട്ടെന്നുതന്നെ കോൺക്രീറ്റ് ചെയ്ത്, കിഴക്ക് ഭാഗത്ത് കൂടി, സ്റ്റേഷനിലേക്ക് പ്രവേശനകവാടം ഒരുക്കുന്ന പ്രവൃത്തിയും താമസിയാതെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതുതായി ഇന്റർസിറ്റി എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ച പശ്ചാത്തലത്തിൽ, റെയിൽവേ സ്റ്റേഷനിലെ പ്രവർത്തന സമയത്തിൽ ആവശ്യമായ ക്രമീകരണം നടത്താൻ അദ്ദേഹം നിർദേശം നൽകി.
നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ് പ്രഫ.വി.വി. പുരുഷോത്തമൻ, വൈസ് പ്രസിഡൻറ് സി.എം. സുരേഷ് കുമാർ, ജോ.സെക്രട്ടറി നജീബ് കാരയിൽ, ട്രഷറർ എം. ബാലകൃഷ്ണൻ, കെ.എം. ഗോപാലകൃഷ്ണൻ, പി.ടി. രാജേഷ്, സി.കെ. വിനീത് എന്നിവർ സന്ദർശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.