കിനാനൂർ -കരിന്തളം പഞ്ചായത്ത് ഇനി പാഷൻ ഫ്രൂട്ട് ഗ്രാമം

നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിനെ മോഡൽ പാഷൻ ഫ്രൂട്ട് ഗ്രാമമായി മാറ്റുമെന്ന് കെ.സി.സി.പി.എൽ ചെയർമാൻ ടി.വി. രാജേഷ്. തലയടുക്കത്തെ കെ.സി.സി.പി.എൽ കമ്പനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം. കിനാനൂർ - കരിന്തളം പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കൃഷിയിൽ തൽപരരായ കർഷകർക്ക് ആവശ്യമായ ചെടി, വളം, സാങ്കേതിക സഹായങ്ങൾ എന്നിവ ലഭ്യമാക്കും.

മൂല്യവർധിത ഉൽപന്നങ്ങളായ പാഷൻ ഫ്രൂട്ട് സ്ക്വാഷ്, ജാം, പൾപ്പ് ജ്യൂസ് എന്നിവ നിർമിക്കും. കണ്ണപുരത്ത് പുതുതായി സജ്ജമായി കൊണ്ടിരിക്കുന്ന ഇന്റർഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രൊസസിങ് കോംപ്ലക്സിലേക്ക് ആവശ്യമായ പാഷൻ ഫ്രൂട്ടുകൾ കിനാനൂർ- കരിന്തളം പഞ്ചായത്തിൽ നിന്നും ശേഖരിക്കും. ആഗസ്റ്റിൽ പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നും ചെയർമാൻ അറിയിച്ചു.

ഈ വർഷം കമ്പനി പ്രവർത്തന ലാഭത്തിലാണ്. 2015ൽ ഖനനം നിർത്തി വെച്ചതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാവുകയും തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ പറ്റാത്ത സാഹചര്യങ്ങളെ തുടർന്ന് ആവിഷ്ക്കരിച്ച വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് കമ്പനി ഈ വർഷം ലാഭം നേടിയത്. കരിന്തളത്തെ 50 ഏക്കർ ജൈവ വൈവിധ്യ മേഖലയാക്കാനുള്ള പദ്ധതികൾ മുന്നോട്ടു കൊണ്ട് പോവുകയാണ്. 15 സെന്റ് സ്ഥലത്ത് മിയാവാക്കി വനവും ഒരുക്കി. ഈ വർഷം കൂടുതൽ മിയാവാക്കി വനങ്ങൾ ആരംഭിക്കും. ഈ വർഷം അഞ്ചേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. അടുത്ത വർഷം ഇത് പത്തേക്കറിലേക്ക് വർധിപ്പിക്കും. എം.ഡി. ആനക്കൈ ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, പഞ്ചായത്ത് അംഗം ടി.എസ്. ബിന്ദു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ, വി. സുധാകരൻ, കെ.വി. രാജേഷ് ബാബു, യൂനിറ്റ് മാനേജർ നിഖിൽ സാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Kinanoor-Karinthalam panchayat is now a passion fruit village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.