1. യാത്രക്കാരിൽനിന്ന് അമിത ഫീസ് ഈടാക്കിയ രസീത്. 2. റെയിൽവേ സ്റേഷനിലെ പാർക്കിങ് ഫീസ് ബോർഡ്
നീലേശ്വരം: റെയില്‍വേ സ്റ്റേഷനിലെ വാഹനപാര്‍ക്കിങ്ങിന്‍റെ പേരില്‍ യാത്രക്കാരെ കൊള്ളയടിക്കുന്നതായി വ്യാപക പരാതി ഉയർന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നീലേശ്വരം റോട്ടറി ക്ലബ് നിര്‍മിച്ച പാര്‍ക്കിങ് ഏരിയയിലാണ് കരാറുകാരന്‍ അമിത ഫീസ് ഈടാക്കുന്നത്.
റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ 12 മണിക്കൂര്‍ നേരത്തേക്ക് മുച്ചക്രവാഹനങ്ങളും ഇരുചക്രവാഹനങ്ങളും പാര്‍ക്കിങ് ചെയ്യാന്‍ ആറ് രൂപയും സ്വകാര്യ കാര്‍, ജീപ്പ്, വാന്‍, ടെമ്പോ ഉള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങള്‍ക്ക് 12 രൂപയും ബസ് ഉള്‍പ്പെടെയുള്ള വലിയവാഹനങ്ങള്‍ക്ക് 95 രൂപയുമാണ് റെയില്‍വേ പാര്‍ക്കിങ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്.
എന്നാല്‍ കരാറുകാരനാവട്ടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 12 രൂപയും കാറ് ഉള്‍പ്പെടെ നാല് ചക്രവാഹനങ്ങള്‍ക്ക് 20 രൂപയുമാണ് ഈടാക്കുന്നത്. ഇതിലൂടെ ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ക്ക് നാല് രൂപയും നാല് ചക്രവാഹനങ്ങള്‍ക്ക് എട്ട് രൂപയുമാണ് അമിതമായി ഈടാക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് യാത്രക്കാരും കരാറുകാരുടെ ജീവനക്കാരും തമ്മില്‍ പലപ്പോഴും വാക്കേറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കരാറുകാര്‍ വാങ്ങാന്‍ ആവശ്യപ്പെട്ട പണമാണ് വാങ്ങുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഇതുസംബന്ധിച്ച് റെയില്‍വേ സ്റ്റേഷന്‍ അധികൃതരോട് പരാതിപ്പെട്ടാലും മൗനം പാലിക്കുകയാണ്. പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ക്ക് വാങ്ങേണ്ട നിരക്ക് സംബന്ധിച്ച് റെയില്‍വേ തന്നെ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മുഖവിലക്കെടുക്കാതെയാണ് കരാറുകാരൻ യാത്രക്കാരെ കൊള്ളയടിക്കുന്നത്. റെയില്‍വേ നിശ്ചയിച്ച നിരക്കിലധികം തുക ഈടാക്കുമ്പോള്‍ അതിന് രസീത് നല്‍കുന്നുണ്ട്. പാര്‍ക്കിങ് ഏരിയയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും പാര്‍ക്ക് ചെയ്യുന്നത്.
മംഗളൂരു, മണിപ്പാൽ പോലുള്ള ആശുപത്രികളിലേക്ക് ചികിത്സക്ക് പോകുന്നവരും മറ്റ് വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്നവരും ഉള്‍പ്പെടെ ഇവിടെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. അമിത ഫീസിലൂടെ പ്രതിദിനം ആയിരക്കണക്കിന് രൂപയാണ് കരാറുകാരന്‍ യാത്രക്കാരില്‍നിന്ന് തട്ടുന്നത്.
കാടുമൂടിക്കിടന്ന് സൗകര്യവുമില്ലാതിരുന്ന റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയ നാട്ടുകാരുടെകൂടി സഹായത്തോടെയാണ് റോട്ടറി ക്ലബ് നവീകരിച്ച് നല്‍കിയത്. എന്നിട്ടും കരാറുകാരന് റെയില്‍വേ കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. സംഭവമറിഞ്ഞ് ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.വി. രതീഷ്, ബ്ലോക്ക് ട്രഷർ സനു മോഹൻ, നീലേശ്വരം സെൻറർ മേഖല സെക്രട്ടറി ടി.കെ. അനീഷ് തുടങ്ങിയവർ റെയിൽവേ സ്റ്റേഷൻ അധികൃതരെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.