കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ നീലേശ്വരം പൊലീസ് ബലപ്രയോഗത്തിലൂടെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നു
നീലേശ്വരം: പടന്നക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് ജീവനക്കാരെയും നീലേശ്വരം പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. അനന്തംപള്ളയിലെ ധനൂപ് (42), സുമിത്ത് (40), ഷാജി (35) എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. തൈക്കടപ്പുറം പ്രിയദർശിനി ഹൗസിങ് കോളനി ജങ്ഷനിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
പടന്നക്കാട് വൈദ്യുതി സെക്ഷൻ പരിധിയിലെ കൊട്രച്ചാൽ കോളനി ജങ്ഷനിലുള്ള ലൈൻ എ.ബിയിലുള്ള ജമ്പർ തകരാർ പരിഹരിക്കാൻ സബ് എൻജിനീയർ പി.വി. ശശി, ഓവർസിയർ കെ.സി. ശ്രീജിത്, ലൈൻമാന്മാരായ പി.വി. പവിത്രൻ, അശോകൻ എന്നിവർ ബുധനാഴ്ച രാവിലെ എത്തിയതായിരുന്നു. ജമ്പർ കെട്ടാൻ ലൈൻമാൻ പവിത്രൻ പോസ്റ്റിൽ കയറി പണി തുടങ്ങുകയും ചെയ്തു. ആ സമയത്ത് കാറിൽനിന്നിറങ്ങിയ നാലുപേരടങ്ങുന്ന സംഘം വളരെ പ്രകോപനപരമായി സംസാരിക്കുകയും ജോലി ചെയ്യേണ്ട എന്നുപറഞ്ഞ് ആക്രോശിക്കുകയും ചെയ്തു. തുടർന്ന് സബ് എൻജിനീയർ പി.വി. ശശിയെ അടിച്ചിടുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇത് ഫോണിൽ പകർത്തുകയായിരുന്ന ശ്രീജിത്തിന്റെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു.
രണ്ടുപേർക്കും സാരമായ പരിക്ക് പറ്റിയതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റിൽനിന്ന് ഇറങ്ങിയ പവിത്രനുനേരെയും കൈയേറ്റമുണ്ടായി. സംഭവമറിഞ്ഞ് നീലേശ്വരം എസ്.ഐ അരുൺ മോഹൻ, പി.വി. രതീശൻ, കൂടെയുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും പ്രതികൾ ആക്രമിച്ചു. അരമണിക്കൂറോളം പ്രതികൾ പൊലീസിന് നേരെ കൈയേറ്റം തുടരുകയായിരുന്നു.
ഒടുവിൽ ബലപ്രയോഗത്തിലൂടെ മൂന്നുപേരെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനുമടക്കം കേസെടുത്തു. വൈദ്യപരിശോധനക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.