നീലേശ്വരം: നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. പാലം ആരംഭിക്കുന്നതിന്റെ തൊട്ടുതാഴെയുള്ള ഇരുഭാഗത്തെയും അപ്രോച്ച് റോഡാണ് തകർന്നത്.
കോട്ടപ്പുറം ഭാഗത്ത് പാലത്തിന്റെ തൊട്ടുതാഴെ മെക്കാഡം ടാറിങ് ചെയ്ത ഭാഗം തകർന്ന് കുഴിപോലെയായി കരിങ്കൽ ചീളുകൾ റോഡിൽ ചിതറിക്കിടക്കുകയാണ്. 2018 മാർച്ച് 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്തത്. ദേശീയപാതക്ക് സമാന്തരമായി നീലേശ്വരം മുതൽ പയ്യന്നൂർവരെ ഈ പാലത്തിൽ കൂടി എളുപ്പത്തിൽ എത്താം.
പടന്ന ചെറുവത്തൂർ ഭാഗത്തും റോഡ് തകർന്നിട്ടുണ്ട്. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഇതുമൂലം പ്രയാസത്തിലാണ്. മഴ വന്നാൽ വെള്ളം നിറഞ്ഞ് കുഴികാണാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവുകാഴ്ചയാണ്. രാപ്പകലില്ലാതെ കോട്ടപ്പുറം പാലത്തിലൂടെ അമിതഭാരം കയറ്റി ലോറികൾ പോകുന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
മടക്കര മത്സ്യബന്ധന തുറമുഖം, വിനോദസഞ്ചാര കേന്ദ്രങ്ങളായ കോട്ടപ്പുറം, വലിയപറമ്പ്, കുളങ്ങാട്ട്മല, നെല്ലിക്കാതുരുത്തി കഴകം, കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം, കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ എന്നിവിടങ്ങളിലേക്ക് പോകുന്നതിനോടൊപ്പം ചെറുവത്തൂർ മടക്കര ഭാഗങ്ങളിലുള്ളവർക്ക് നീലേശ്വരത്തേക്കും കാഞ്ഞങ്ങാട്ടേക്കും എളുപ്പത്തിലെത്താൻ കഴിയുന്ന റോഡാണ് തകർന്നുകൊണ്ടിരിക്കുന്നത്.
ചെറുവത്തൂർ ചെക്ക് പോസ്റ്റ് വെട്ടിച്ച് കടന്നുപോകുന്ന അമിതഭാരം കയറ്റിയ ലോറികൾ കോട്ടപ്പുറം പാലം വഴിയാണ് കടന്നുപോകുന്നത്. ഇതിനെതിരെ നാട്ടുകാർ നിരന്തരം പരാതി നൽകിയതിനെ തുടർന്ന് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം ലോറികൾ പിടികൂടിയിരുന്നു. പാലത്തിന്റെ ഇരു ഭാഗങ്ങളിലുമുള്ള റോഡായതിനാൽ ഇറക്കത്തിൽ അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ റോഡിലെ കുഴിയിൽവീണ് അപകടംവരാനും സാധ്യത കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.