ചെറുവത്തൂർ: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും എങ്ങുമെത്താതെ അധ്യാപക നിയമനങ്ങൾ. എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റിൽനിന്നുളള നിയമനങ്ങളാണ് വൻതോതിൽ കുറഞ്ഞത്. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരുവർഷം കഴിത്തിട്ടും വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
വിദ്യാർഥികളുടെ എണ്ണം കുറഞ്ഞ് തസ്തികകൾ നഷ്ടമായതും മുൻ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതുമാണ് നിയമനങ്ങളെ പ്രതികൂലമായി ബാധിച്ചത്. 2025 മെയ് 31 നാണ് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും എൽ.പി. അസിസ്റ്റന്റ് റാങ്ക് പട്ടിക നിലവിൽ വന്നത്.
മേയിൽ ലിസ്റ്റിൽ 6113 പേരും , സപ്ലിമെന്ററി ലിസ്റ്റിൽ 5488 പേരും ഭിന്നശേഷി ലിസ്റ്റിൽ 157 പേരും ഉൾപ്പെടെ 11,758പേരെ ഉൾപ്പെടുത്തിയ റാങ്ക് പട്ടികയാണ് നിലവിൽ വന്നത്. ഏറ്റവും കൂടുതൽ നിയമനം നടക്കുന്ന റാങ്ക് പട്ടികകളിൽ ഒന്നാണ് എൽ.പി. അസിസ്റ്റന്റ് റാങ്ക് പട്ടികയുടേത്. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും 600ഓളം പേർക്ക് പോലും നിയമനം നൽകിയിട്ടില്ല.
റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർക്കുപോലും ചില ജില്ലകളിൽ നിയമനം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന യു.പി. അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ 4309 ഉം, സപ്ലിമെന്ററി ലിസ്റ്റിൽ 4044 ഉം ഭിന്നശേഷി ലിപ്റ്റിൽ 172 ഉം ഉൾപ്പെടെ 8525 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
റാങ്ക് പട്ടിക വന്ന് എട്ടാം മാസം കടക്കുമ്പോഴും നിയമനം ലഭിച്ചത് വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ നിലവിലുള്ള ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ നിന്നുള്ള നിയമനങ്ങളും വളരെ കുറവ് മാത്രമാണ്. 2025 -26 അധ്യയന വർഷത്തെ തസ്തികാ നിർണയത്തിന്റെ അടിസ്ഥാനത്തിൽ 655 തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചെങ്കിലും പുതിയ സർക്കാർ നടപടികളൊന്നും എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.