ചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിലെ ചീമേനിയില്‍ ഫയർ സ്റ്റേഷൻ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ആരംഭിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചതായി എം. രാജഗോപാലന്‍ എം.എൽ.എ അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപ അനുവദിച്ച പ്രസ്തുത പദ്ധതിയുടെ ഡി.പി.ആർ. പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം മുഖേന തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചതിനെ തുടർന്ന് ഇതിനോടകം ഈ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളതാണ്.
എന്നാൽ, കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമിക്കാന്‍ ആവശ്യമായ സമയമെടുക്കുമെന്നതിനാൽ എം.എൽ.എ മുന്‍കൈയെടുത്ത് കയ്യൂർ സർവിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ താൽകാലികമായി ഫയർ സ്റ്റേഷന് ആരംഭിക്കാന്‍ കയ്യൂരിലുള്ള ബാങ്കിന്റെ പഴയകെട്ടിടം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് മുഖേന ആവശ്യമായ തസ്തിതകള്‍ അനുവദിക്കുന്നതിന് സർക്കാറിലേക്ക് ശുപാർശ നൽകുകയും എം.എൽ.എ. മുഖ്യമന്ത്രിയോട് ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഫയർസ്റ്റേഷന് ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനമായത്.
ചീമേനി ടൗണിന് സമീപം പ്ലാന്റേഷൻ കോർപറേഷന്റെ കൈയിൽനിന്ന് മൂന്നേക്കർ ഭൂമി നേരത്തെ ഫയർ സ്റ്റേഷൻ നിർമിക്കുന്നതിന് ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് അനുവദിച്ചിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലുൾപ്പെടുത്തുന്നതിന് തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് മുൻഗണന നിശ്ചയിച്ച് നൽകിയ പദ്ധതി നിർദേശങ്ങളിൽ ചീമേനി ഫയർ സ്റ്റേഷൻ കൂടി നൽകിയതിനെ തുടർന്നാണ് ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഫയർസ്റ്റേഷന് അനുവദിച്ചത്.
560 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് നിർമിക്കുക. അഞ്ച് ഫയർ എൻജിനുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാവുന്ന ഗ്യാരേജ്, മെക്കാനിക്ക് റൂം, വുമൺസ് റസ്റ്റ് റൂം, സ്റ്റെയർ റൂം, ഓഫിസ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവ ഗ്രൗണ്ട് ഫ്ലോറിലും, ഫസ്റ്റ് ഫ്ലോറിൽ സ്റ്റെയർ റൂമും ഉൾപ്പെടെയുള്ള കെട്ടിടമാണ് നിർമിക്കുക. ഫയർസ്റ്റേഷന്റെ വൈദ്യുതീകരണത്തിന് 20 ലക്ഷം രൂപയും ഇലക്ട്രോണിക്സ് പ്രവർത്തികൾ ചെയ്യുന്നതിന് ആറ് ലക്ഷം രൂപയും ഫയർ ഫൈറ്റിംഗ് വർക്കുകൾക്ക് ലക്ഷം രൂപയും ഉൾപ്പെടെയാണ് മൂന്ന്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് എം.എൽ.എ.അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.