കെ.സി ത്രോസിൽ പരിശീലനം തേടിയെത്തിയ താരങ്ങൾക്കൊപ്പം പരിശീലകനായ ഗിരീഷ്
ചെറുവത്തൂർ: ഒരു ദിവസം പരിശീലനം മുടങ്ങിയാൽ മതി, ജില്ലയുടെ സുവർണ സ്വപ്നങ്ങൾ ഇരുളടയാൻ. ഇത് തിരിച്ചറിഞ്ഞുക്കൊണ്ട് കായിക പ്രതിഭകൾക്ക് പരിശീലനം നൽകി കോവിഡ് കാലത്തും കെ.സി ത്രോ പരിശീലന കേന്ദ്രം സജീവമാണ്. ചെറുവത്തൂർ മയിച്ചയിലെ കെ.സി. ഗിരീഷിെൻറ നേതൃത്വത്തിലുള്ള പരിശീലന കേന്ദ്രത്തിലാണ് ത്രോയിനങ്ങളിൽ കേരളത്തിെൻറ സുവർണ പ്രതീക്ഷകളായ ഏഴ് കായിക താരങ്ങൾക്കാണ് ഇവിടെനിന്നു മുടങ്ങാതെ പരിശീലനം നൽകിവരുന്നത്.
1989ൽ കാസർകോട് ജില്ലക്ക് സംസ്ഥാന സ്കൂൾ കായികമേള ആദ്യമായി ഡിസ്കസ് ത്രോയിൽ സ്വർണം നേടിത്തന്ന കെ.സി. ഗിരീഷാണ് സൗജന്യമായി പരിശീലനം നൽകുന്നത്. ആഴ്ചയിൽ ഒരുദിവസം വീട്ടുമുറ്റത്തെ ജിമ്മിലും മൂന്നു ദിവസം മൈതാനത്തുമാണ് പരിശീലനം.
2018ലെ സീനിയർ ചാമ്പ്യനായ മകൻ കെ.സി. സിദ്ധാർഥ്, ജൂനിയർ വിഭാഗത്തിൽ കഴിഞ്ഞ വർഷം ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്കസ് ത്രോയിൽ വെങ്കലവും നേടിയ ചീമേനി ഗവ. ഹയർ സെക്കൻഡറിയിലെ അഖില രാജു, സബ് ജൂനിയർ വിഭാഗത്തിൽ മെഡൽ നേടിയ ഇളമ്പച്ചി ഗവ. ഹയർസെക്കൻഡറിയിലെ അനുപ്രിയ, കൊവ്വൽ എ.യു.പി സ്കൂളിലെ ജുവൽ മുകേഷ്, സബ് ജൂനിയർ ഡിസ്കസ് ത്രോയിൽ മീറ്റ് റെക്കോഡോടെ കഴിഞ്ഞ വർഷം സ്വർണം നേടിയ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിലെ കെ.സി. സർവൻ തുടങ്ങി ഏഴുപേർക്കാണ് കെ.സി ത്രോയിൽ നിന്ന് മുടങ്ങാതെ പരിശീലനം നൽകുന്നത്. സാമ്പത്തിക പരാധീനതകൾക്കൊണ്ട് പരിശീലനം അസാധ്യമായ കായിക താരങ്ങൾക്ക് സൗജന്യമായി പരിശീലനം നൽകാനും കെ.സി ത്രോ പരിശീലന കേന്ദ്രം തയാറാണ്.
ഈ വർഷം പരിശീലനം ഒഴിവാക്കിയാൽ പ്രതീക്ഷയുള്ള കായിക താരങ്ങളുടെ സ്വർണ മോഹം നഷ്ടമാകും എന്നതാണ് ദിവസേന പരിശീലനം ഊർജിതമാക്കാൻ ഈ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിശീലനം നടക്കുന്നത്. ഈ വർഷം കായിക മേളയുണ്ടെങ്കിൽ ആറ് മെഡലാണ് ഇവരിലൂടെ ജില്ല പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.