കണ്ണൂർ: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പദ്ധതിയിലൂടെ ജില്ലയിൽ ശുചീകരിച്ചത് 1249 തോടുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 2378 കിലോമീറ്റർ ദൂരത്തിലാണ് തോടുകൾ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയത്. തോടുകളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കി പ്രളയക്കെടുതി ഒഴിവാക്കുകയും ശുദ്ധജലലഭ്യത വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇത്തവണ മഴ കനത്തിട്ടും വെള്ളക്കെട്ടുകൾ വ്യാപകമായി രൂപപ്പെടാതിരുന്നത് 'ഇനി ഞാൻ ഒഴുകട്ടെ, തെളിനീരൊഴുകും നവകേരളം' എന്നീ പദ്ധതികളുടെ വിജയമായാണ് കണക്കാക്കുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ജലസ്രോതസുകൾ ശുചീകരിച്ചത് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലാണ്-207 എണ്ണം. ഇതിൽ 55 എണ്ണവും വൃത്തിയാക്കിയത് മാലൂർ പഞ്ചായത്തിലാണ്. കേളകം പഞ്ചായത്തിൽ 209 തടയണകൾ നിർമിച്ചു. കണ്ണൂർ 66, എടക്കാട് 75, ഇരിക്കൂർ 53, ഇരിട്ടി 65, കല്യാശ്ശേരി 164, കൂത്തുപറമ്പ് 97, പാനൂർ 58, പയ്യന്നൂർ 67, തളിപ്പറമ്പ് 143, തലശ്ശേരി 92 എന്നിങ്ങനെയാണ് ബ്ലോക്ക് അടിസ്ഥാനത്തിൽ ശുചീകരിച്ച തോടുകളുടെ കണക്കുകൾ. നഗരസഭകളിൽ 162 ജലസ്രോതസുകൾ വൃത്തിയാക്കി. പയ്യന്നൂർ നഗരസഭയിൽ 60 തോടുകളാണ് നീരൊഴുക്ക് വീണ്ടെടുത്തത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ജലസേചന വകുപ്പ്, മണ്ണ്, ജല സംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.