മാഹി: വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്ക് റവന്യൂ ആവശ്യങ്ങൾക്കുള്ള സാക്ഷ്യപത്രം നൽകുന്ന റവന്യൂ വകുപ്പിന്റെ വില്ലേജ് ഓഫിസായ പള്ളൂർ എത്താ സിവിൽ ഓഫിസിൽ ചോർച്ച. മാഹി അഡ്മിനിസ്ട്രേഷന്റെ ഉടമസ്ഥതയിലുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടത്തിൽ താഴെ നിലയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസാണ് ചോർന്നൊലിക്കുന്നത്.
സ്കൂൾ, കോളജ് പ്രവേശന സമയമായതിനാൽ നിരവധി വിദ്യാർഥികളാണ് ദിനേന വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നത്. പള്ളൂർ, ചാലക്കര, പന്തക്കൽ വില്ലേജ് അഡ്മിമിനിസ്ട്രേറ്റിവ് ഓഫിസർമാരുടെ കാര്യാലയത്തിൽ എത്തുന്നവർക്ക് കുട ചൂടി നിൽക്കേണ്ട അവസ്ഥയാണെന്നാണ് അവിടെ എത്തുന്നവർ പറയുന്നത്. ഓഫിസിലെ കമ്പ്യൂട്ടറുകൾക്കും ഒലിച്ചിറങ്ങുന്ന വെള്ളം ദോഷം ചെയ്യും.
രണ്ട് ദിവസമായി വൈദ്യുതി തടസ്സം കാരണം മൊബൈൽ ഫോണുകളുടെ വെളിച്ചത്തിലാണ് സർട്ടിഫിക്കറ്റുകൾ തയാറാക്കുന്നത്. അതേ സമയം കഴിഞ്ഞ ദിവസങ്ങളിലെ മഴക്ക് മുന്നെ യാതൊരു ചോർച്ചയുമില്ലാതിരുന്നതാണ്. മുകൾ നിലയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കിന് ചോർച്ചയുമില്ല. ഏതെങ്കിലും ഭാഗത്ത് കെട്ടിക്കിടക്കുന്ന വെള്ളം എയർ ഹോൾ വഴി റൂമിലെത്തുന്നതായിരിക്കാമെന്നാണ് അധികൃതർ പറയുന്നത്. ചുമർ വ്യത്യാസത്തിൽ പ്രവർത്തിക്കുന്ന മുനിസിപ്പൽ ഓഫിസിലും ചോർച്ചയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.