കണ്ണൂർ: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ വില്പനയും ഉപയോഗവും തടയാന്‍ ജില്ലയില്‍ പരിശോധന കർശനമാക്കിയതോടെ ഒന്നര മാസത്തിനിടെ പിഴയായി ലഭിച്ചത് മൂന്നേമുക്കാൽ ലക്ഷത്തിലേറെ രൂപ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 3724 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ചട്ടലംഘനം കണ്ടെത്തിയ 2646 ഇടങ്ങളില്‍നിന്നും 3,74,700 ലക്ഷം രൂപ പിഴയായി ഈടാക്കി.
തദ്ദേശ സ്ഥാപന സെക്രട്ടറി, അസി. സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരുടെ പ്രത്യേക സംഘം രൂപവത്കരിച്ചാണ് മാസത്തില്‍ മൂന്നു തവണ പരിശോധന നടത്തുന്നത്. ചിറക്കല്‍ പഞ്ചായത്താണ് കൂടുതല്‍ പിഴ ഈടാക്കിയത്. 102 സ്ഥാപനങ്ങളില്‍നിന്നും 35,000 രൂപയാണ് ചിറക്കലില്‍ ഈടാക്കിയത്. ചെറുകുന്നാണ് കൂടുതല്‍ പരിശോധന നടത്തിയ പഞ്ചായത്ത്. 168 ഇടങ്ങളില്‍ പരിശോധന നടത്തി 8600 രൂപ ഈടാക്കി.
അഴീക്കോട്, ആറളം, അയ്യന്‍കുന്ന്, ചപ്പാരപ്പടവ്, ചൊക്ലി, എരമം-കുറ്റൂര്‍, എരഞ്ഞോളി, ഏഴോം, കടമ്പൂര്, കണിച്ചാര്‍, കരിവെള്ളൂര്‍-പെരളം, കൊട്ടിയൂര്‍, കുന്നോത്തുപറമ്പ്, മാടായി, മലപ്പട്ടം, മാലൂര്‍, മാങ്ങാട്ടിടം, മാട്ടൂല്‍, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, നാറാത്ത്, ന്യൂ മാഹി, പരിയാരം, പാട്യം, പട്ടുവം, പയ്യാവൂര്‍, പെരളശ്ശേരി, പേരാവൂര്‍, രാമന്തളി, ഉദയഗിരി, വളപട്ടണം എന്നീ 31 പഞ്ചായത്തുകളില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ചട്ടലംഘനം കണ്ടെത്തിയില്ല. വരും ദിവസങ്ങളിലും ഇവിടെ പരിശോധന തുടരും.
ബോധവത്കരണ കാമ്പയിനും പ്രചാരണവും നടത്തിയ ശേഷമാണ് നടപടി ആരംഭിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി.ജെ അരുണ്‍ അറിയിച്ചു. പ്ലാസ്റ്റിക്കിന് ബദൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചു.
ഇവ നിരോധിത ഉല്പന്നങ്ങൾ
മിഠായി, ഐസ്ക്രീം, ബലൂണ്‍, ഇയര്‍ ബഡ്സ് എന്നിവയിലെ പ്ലാസ്റ്റിക് സ്റ്റിക്, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റുകള്‍ എന്നിവ പൊതിയുന്ന ഫിലിം, കാരിബാഗുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗുകള്‍ (ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ക്കായി ഉള്ളവയൊഴികെ), ഏകോപയോഗ മേശവിരിപ്പുകള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍/സ്റ്റെറോഫോം ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കള്‍, സ്പൂണ്‍, ഫോര്‍ക്, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പ്, ബൗളുകള്‍, ഇല, ബാഗുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍, പി.വി ഫ്ലക്സുകള്‍, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ തുണി ബാനറുകള്‍, കുടിവെള്ള പൗച്ചുകള്‍, ബ്രാന്റ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകള്‍, 500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍, പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍ തുടങ്ങിയവയാണ് നിരോധിത ഉല്പന്നങ്ങള്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.