തലശ്ശേരി: വേനലവധിക്കുശേഷം വിദ്യാലയങ്ങൾ തുറക്കാൻ രണ്ട് ദിവസം മാത്രം. പുതിയ യൂനിഫോമിൽ വിദ്യാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ പഠനോപകരണങ്ങൾ പഴയതിനൊന്നും സ്ഥാനമില്ല. എല്ലാം പുതുമയുള്ളതായിരിക്കണമെന്ന് ഓരോ വിദ്യാർഥിക്കും നിർബന്ധമുണ്ട്. മക്കളുടെ ആഗ്രഹങ്ങൾക്ക് മാതാപിതാക്കളും തടസ്സം നിൽക്കാറില്ല. ജോലിയിൽ നിന്നുള്ള വരുമാനത്തിൽ നിശ്ചിത സംഖ്യ മക്കളുടെ പഠന ചെലവിനായി രക്ഷിതാക്കൾ നീക്കിവെക്കും.
ആഘോഷ വേളകൾക്ക് പുറമെ വിദ്യഭ്യാസത്തിനും നല്ലൊരു ചെലവ് ഓരോ രക്ഷിതാവിനുമുണ്ട്. പുത്തൻ ബാഗ്, കുട, വാട്ടർ ബോട്ടിൽ, പെൻസിൽ പൗച്ച്, ചോറ്റുപാത്രം, പുസ്തകങ്ങൾ അങ്ങനെ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് ബജറ്റ് കൂടിയും കുറഞ്ഞുമിരിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്കൂൾ ഉപകരണങ്ങൾക്ക് വില അൽപം കൂടിയിട്ടുണ്ടെങ്കിലും വിപണിയെ വലുതായി ബാധിച്ചിട്ടില്ല. കാലവർഷം നേരത്തെ തുടങ്ങിയതിനാൽ സ്കൂൾ വിപണിയിൽ നേരത്തെ വലിയ ചലനമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം മുതലാണ് തിരക്കനുഭവപ്പെട്ടു തുടങ്ങിയത്.
ഫ്രോസൺ, അവഞ്ചേഴ്സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് സ്കൂൾ വിപണിയിലെയും താരങ്ങൾ. സ്പൈഡർമാനും ഡോറയും ബാർബിയും മാഷയുമെല്ലാം ബാഗുകളിൽ തിളങ്ങി നിൽക്കുകയാണ്. ഇഷ്ട കഥാപാത്രങ്ങളടങ്ങിയ ത്രീഡി ബാഗിനോടാണ് കുട്ടികൾക്ക് ഏറെ പ്രിയം. ഇത്തവണ ഇതിനാണ് ആവശ്യക്കാരേറെയെന്ന് തലശ്ശേരിയിലെ വ്യാപാരിയായ കേയീസ് താഹ പറഞ്ഞു. ഫൈബർ പോലുള്ള മെറ്റീരിയൽ ആയതിനാൽ ഇത് മഴയിൽ നനയുകയില്ല. ചൈനയിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നത്. ചെറിയ ത്രീ ഡി ബാഗുകൾക്ക് 700 രൂപ മുതലാണ് വില. വലിയ ബാഗുകൾക്ക് 1000 രൂപക്ക് മുകളിൽ വരും.
കോളജ് വിദ്യാർഥികൾ ഉപയോഗിക്കുന്ന കൊറിയൻ ബാഗിനും നല്ല ഡിമാന്റാണ്. 650 മുതൽ 1350 രൂപ വരെയാണ് ഇതിന്റെ വില. സ്കൂൾ കുട്ടികൾക്കും ഇതിനോട് കമ്പം കൂടിയിട്ടുണ്ട്. ടോട്ട് ബാഗിന് 299 മുതൽ 499 രൂപ വരെ വിലയുണ്ട്. ഇടത്തരക്കാർക്ക് കൈയിലൊതുങ്ങുന്നതാണിത്.
കുടയിൽ ഫാൻസിയും ത്രീ ഫോൾഡിങ്ങുമെല്ലാം ആവശ്യാനുസരണം സ്റ്റോക്കുണ്ട്. ഫോൾഡിങ് കുടകൾക്കാണ് ആവശ്യക്കാരേറെയും. വെള്ളം തങ്ങിനിൽക്കുന്ന വാട്ടർ പ്രൂഫ് കുടകളോടും ഫൈവ് ഫോൾഡ് കുടകളോടുമാണ് വലിയ കുട്ടികൾക്ക് പ്രിയം. 600 രൂപ മുതലാണ് ഫൈവ് ഫോൾഡിന്റെ വില. ത്രീ ഫോൾഡിന് 300 മുതൽ 480 വരെയും. ചെറിയ കുട്ടികൾക്കുള്ള കളർ കുടകൾക്ക് 200 മുതൽ 400 വരെയും വിലയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള റെയിൻ കോട്ടുകളും ധാരാളം വിപണിയിലുണ്ട്. 100 മുതൽ 499 രൂപ വരെയാണ് വില.
സ്റ്റീൽ ചോറ്റു പാത്രങ്ങൾക്ക് 199 മുതൽ 399 രൂപ വരെ വിലയുണ്ട്. വാട്ടർ ബോട്ടിലുകളിലും ചോറ്റു പാത്രങ്ങളിലും സ്റ്റീൽ തന്നെയാണ് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്. സ്റ്റീൽ വാട്ടർ ബോട്ടിലിന് 280 മുതൽ 499 രൂപ വരെയുണ്ട്. പ്ലാസ്റ്റികിന് 99 മുതൽ 249 രൂപ വരെയുണ്ട്. പ്ലാസ്റ്റിക് പെൻസിൽ ബോക്സുകൾക്ക് 99 മുതലാണ് 299 വരെയാണ് വില. സ്കൂൾ ഷൂവിന് 299 മുതൽ 499 വരെ വിലയുണ്ട്. ഗുണനിലവാരമുള്ള നോട്ടു പുസ്തകങ്ങൾക്കും വില അൽപം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.