കണ്ണൂർ: ഒന്നാം കോവിഡ് വ്യാപനത്തിൽ നടുവൊടിഞ്ഞ നിർമാണ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക്. മഴക്കാലത്തിന് മുമ്പ് ഏപ്രിൽ, മേയ് മാസങ്ങളിലാണ് ജില്ലയിലടക്കം നിർമാണ പ്രവൃത്തി കൂടുതൽ നടക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി ഈ സീസൺ ലോക്ഡൗണിെൻറ പിടിയിലാണ്. ഇത്തവണ ശക്തമായ വേനൽമഴയും ന്യൂനമർദവുമെല്ലാം നിർമാണമേഖലയെ കാര്യമായി ബാധിച്ചു. നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതാണ് കോവിഡിനൊപ്പം ഇരുട്ടടിയായി മേഖലയുടെ നടുവൊടിയാൻ കാരണം.
സിമൻറിെൻറയും കമ്പിയുടെയും വില ഉയർന്നത് ഇരട്ടി പ്രഹരമായി. രണ്ടാംഘട്ട ലോക്ഡൗണിന് മുമ്പ് ചില്ലറ വിൽപനയിൽ ശരാശരി 400 രൂപയായിരുന്ന സിമൻറിന് ഇപ്പോൾ 500 രൂപയായി. ഏപ്രിലിന് ശേഷം 50 രൂപയോളം വിവിധ കമ്പനികളുടെ സിമൻറുകൾക്ക് വർധിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനമായ മലബാർ സിമൻറിെൻറ വില 30 രൂപ വർധിച്ചു. സിമൻറ് പാക്കറ്റിൽ രേഖപ്പെടുത്തിയ എം.ആർ.പി വിലയുടെ പരമാവധി വാങ്ങിയാണ് പല കമ്പനികളും വിൽപന നടത്തുന്നത്. അടുത്ത മാസത്തോടെ വീണ്ടും വില കയറുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ലോക്ഡൗൺ തുടക്കത്തിൽ സിമൻറ് ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കമ്പി വിലയും കുതിച്ചുയരുകയാണ്. നേരത്തെ 50 മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന കമ്പിക്ക് കിലോക്ക് 80 കടന്നു. ലോക്ഡൗണിൽ നിർമാണ മേഖലക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും സിമൻറിെൻറയും കമ്പിയുടെയും അടക്കം സാമഗ്രികളുടെ വില ഉയർന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
മുമ്പ് സ്റ്റോക്ക് ചെയ്ത സാധനങ്ങൾക്കാണ് വ്യാപാരികൾ വലിയ തോതിൽ വില വർധിപ്പിച്ചതെന്ന പരാതിയുമുണ്ട്. വിവിധ ഭവനപദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമാണവും നിലച്ചമട്ടാണ്. ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും തൊഴിലാളികളെ പൊലീസ് റോഡിൽ തടയുന്നതായി പരാതിയുണ്ട്.
നിർമാണമേഖലയുടെ ഭാഗമായ ഫർണിച്ചർ, ഇൻഡസ്ട്രീസ് സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ലാത്തതും പലയിടത്തും പ്രതിസന്ധിയുണ്ടാക്കുന്നു. സാനിട്ടറി, ഇലക്ട്രിക്കൽ സാമഗ്രികൾക്കും 15 മുതൽ 20 ശതമാനം വരെ വില ഉയർന്നു. ചെങ്കല്ല് ലഭിക്കാത്തത് ജില്ലയിലെ നിർമാണ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ചെങ്കൽപണകളിലെ അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പലായനം ചെയ്തതാണ് ഈ മേഖല നിശ്ചലമാകാൻ പ്രധാന കാരണം.
കാലം തെറ്റിയെത്തിയ മഴയും പണകളുടെ പ്രവർത്തനത്തെ ബാധിച്ചു. കല്ലിെൻറ വിലയും വർധിച്ചിട്ടുണ്ട്.
കരിങ്കല്ലും മെറ്റലും ലഭിക്കാൻ പ്രയാസമുണ്ട്. കരിങ്കൽ ക്വാറി, ക്രഷർ എന്നിവ പ്രവർത്തിക്കാത്തതും പ്രതിസന്ധി ഇരട്ടിപ്പിച്ചു. ഒരുലോഡ് പാറക്ക് 30 ശതമാനത്തോളം വില വർധിച്ചിട്ടുണ്ട്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ കോവിഡ് പിടിയിലായതോടെ ടൈൽ, മാർബ്ൾ മേഖലയിലും സാധനങ്ങൾ ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ട്. വേനൽക്കാലത്താണ് ജില്ലയിൽ പ്രധാനമായും കിണർ നിർമാണം നടന്നിരുന്നത്. കോവിഡ് വില്ലനായതോടെ ഈ മേഖലയും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.