വിശ്രമിച്ചുതുടങ്ങാം...
നാട്ടിലെങ്ങും തെരുവുനായ്ക്കളുടെ വിഹാരമാണ്. നായ്ക്കളുടെ ആക്രമണത്തിൽ
പരിക്കേറ്റവരുടെ എണ്ണം പ്രതിദിനം കൂടുകയാണ്. ലോറിക്കടിയിൽ വിശ്രമിക്കുന്ന
തെരുവുനായ്ക്കൾ. കണ്ണൂർ ആയിക്കരയിൽനിന്നുള്ള കാഴ്ച
കണ്ണൂർ: ജനങ്ങൾക്ക് പുറത്തിറങ്ങാനാവാത്ത വിധം തെരുവുനായ്ക്കളുടെ അക്രമം വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിഹാരം കാണാൻ ജില്ലയിലെ തദ്ദേശ സ്ഥാപന മേധാവികളുടെയും ജില്ല പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നു. ബുധനാഴ്ച രാവിലെ 10.30ന് ജില്ല പഞ്ചായത്ത് ഓഫിസിലാണ് യോഗം.
പ്രശ്നപരിഹാരത്തിനായി മൃഗസ്നേഹികളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. ജില്ലയിലെ ഡോഗ് ലവേഴ്സ് സംഘടന ഭാരവാഹികളുടെ യോഗം ചൊവ്വാഴ്ച ഉച്ചക്ക് 3.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേരും.
നാടും നഗരവും കൈയടക്കി തെരുവുനായ്ക്കൾ മനുഷ്യർക്ക് ഭീഷണിയാകുമ്പോൾ നടപടി കടലാസിൽ മാത്രമാകുന്നുവെന്ന് വിമർശനമുണ്ടായിരുന്നു.
ഇതുപതോളം പേർക്കാണ് തിങ്കളാഴ്ച കടിയേറ്റത്. നായ് കുറുകെചാടി അപകടത്തിൽപെട്ട് ശ്രീകണ്ഠപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. ജില്ലയിൽ വന്ധ്യംകരണം ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി വിപുലമാക്കാൻ സർക്കാർ തീരുമാനമുണ്ടായെങ്കിലും ജില്ലയിൽ വന്ധ്യംകരണം എന്നു തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
വളര്‍ത്തുമൃഗങ്ങളെയടക്കം തെരുവുനായ്ക്കള്‍ ആക്രമിക്കുന്നുണ്ട്. പ്രത്യേക സാഹചര്യത്തിൽ എ.ബി.സി പദ്ധതി ഉടൻ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.
വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടാൻ തയാറായി തദ്ദേശീയരായ 15 പേർ മുന്നോട്ടുവന്നിട്ടുണ്ട്.
ഇവർക്കുള്ള പരിശീലനം ഉടൻ തുടങ്ങും. നേരത്തെ തദ്ദേശീയരെ ലഭിക്കാതായപ്പോൾ നേപ്പാളിൽനിന്നാണ് നായ് പിടിത്തക്കാർ എത്തിയിരുന്നത്.
കഴിഞ്ഞ വർഷം ജില്ലയിൽ 1703 നായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. ഇത്തവണ ആളില്ലാത്തതിനാലാണ് പദ്ധതി തുടങ്ങാതിരുന്നത്.
ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
തളിപ്പറമ്പ്: പന്നിയൂരിൽ നാല് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. പന്നിയൂർ കാരക്കൊടി ആരോഗ്യകേന്ദ്രത്തിന് സമീപത്തെ കെ. റംലയുടെ നാല് ആടുകളെയാണ് തെരുവുനായ്ക്കൾ കൊന്നത്. ബാക്കിയായ ഒരെണ്ണത്തിന് ഗുരുതരമായി കടിയേറ്റിട്ടുണ്ട്.
ആടുകളെ വളർത്തി ഉപജീവനമാർഗം കണ്ടെത്തുന്ന റംലയുടെ ജീവിതം ഇതോടെ വഴിമുട്ടി. അഞ്ച് ആടുകളെയും വീട്ടുവളപ്പിൽ കെട്ടിയിട്ടതായിരുന്നു.
വീട്ടുകാർ സമീപത്ത് ഓണാഘോഷ പരിപാടി കാണാൻ പോയപ്പോഴാണ് ആറരയോടെ നാല് നായ്ക്കൾ ചേർന്ന് ആടുകളെ ആക്രമിച്ചത്. ആടുകൾ കരയുന്നതുകേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും നായ്ക്കളുടെ അക്രമത്തിൽ നലെണ്ണം ചത്തിരുന്നു. ഇവയിൽ മൂന്ന് ആടുകൾ ഗർഭിണികളായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ സമീപത്തെ ആനക്കീൽ ജാനകി, മൂലയിൽ കുമാരൻ, ചെങ്ങനാർ ഗോവിന്ദൻ എന്നിവരുടെ പശുക്കിടാങ്ങൾ തെരുവുനായ്ക്കളുടെ അക്രമത്തിനിരയായിട്ടുണ്ട്.
വിവരമറിഞ്ഞ് കൂറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, സ്ഥിരം സമിതി അംഗങ്ങൾ, മെംബർമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. റംലയെ സഹായിക്കുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.