കടൽഭിത്തി നിർമാണം പൂർത്തിയായി; ആശ്വാസ തീരത്ത് അഴീക്കൽ ഫെറി

കണ്ണൂർ: ഇനി പെരുമഴക്കാലത്ത് ആർത്തിരമ്പുന്ന തിരമാലകൾ അഴീക്കൽ ഫെറിയിൽ തീരം തൊടില്ലെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ. കടലാക്രമണം രൂക്ഷമായിരുന്ന ഫെറിയിൽ കടൽഭിത്തി നിർമിച്ചതോടെയാണ് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നതിന് പരിഹാരമായത്.

കടൽക്ഷോഭം കാരണം റോഡ് തകരുന്നതും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നതും പതിവായിരുന്നു. ഇതിന് പരിഹാരമായി നേരത്തെ സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ഈ ഭിത്തി പൂർണമായും തകർന്നതോടെയാണ് വീണ്ടും തീരം കടലെടുത്തുതുടങ്ങിയത്. ഇതോടെ മഴക്കാലങ്ങളിൽ പ്രദേശത്തെ 12 കുടുംബങ്ങൾ വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടാറാണ് പതിവ്.

സ്ഥാപനങ്ങൾ തുറക്കാനാകാതെ പലപ്പോഴും വ്യാപാരികളും പ്രയാസത്തിലായി. ഇതിനിടെ കഴിഞ്ഞ വർഷം ലൈറ്റ് ഹൗസ് റോഡരികിൽ 60 ലക്ഷം രൂപ ചെലവിൽ ഇറിഗേഷൻ വകുപ്പ് ഭിത്തി പുനർനിർമിച്ചു. ഇത് ലൈറ്റ് ഹൗസിന് സമീപത്തെ കുടുംബങ്ങൾക്ക് ആശ്വാസമായെങ്കിലും പൂർണ പരിഹാരമായില്ല. തുടർന്ന് കെ.വി. സുമേഷ് എം.എൽ.എ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയതിനെ തുടർന്നാണ് ഐസ് ഫാക്ടറി മുതൽ ബോട്ടുജെട്ടി വരെ 120 മീറ്ററിൽ കരിങ്കൽ ഭിത്തികെട്ടി ഉയർത്തിയത്.

52 ലക്ഷം രൂപയായിരുന്നു നിർമാണ ചെലവ്. ഒന്നാം ഘട്ടത്തിൽ ഇറിഗേഷൻ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 32 ലക്ഷവും രണ്ടാം ഘട്ടത്തിൽ മഴക്കാല മുന്നൊരുക്കം പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷവുമാണ് അനുവദിച്ചത്.

നിലവിൽ നിർമിച്ച ഭിത്തിക്ക് തുടർച്ചയായി 100 മീറ്റർ കൂടി ഭിത്തി നിർമിക്കാൻ പദ്ധതി നിർദേശം സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഇത്തവണ കടൽക്ഷോഭം ശക്തമായെങ്കിലും കടൽഭിത്തി തീർത്ത കവചം ഓരോ കുടുംബത്തിനും ആശ്വാസമായി.

Tags:    
News Summary - Sea wall construction completed; Azhikal Ferry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.