representative image

രുചിക്കൊപ്പം വേണം കരുതലും; ഭക്ഷണശാലകൾ സുരക്ഷിതമാക്കാം

കണ്ണൂർ: ആഴ്ചയിൽ ഒരിക്കലെങ്കിലും കുടുംബവുമൊത്ത് റസ്റ്റാറന്‍റിൽനിന്ന് ഭക്ഷണം കഴിക്കുന്നനിലയിലേക്ക് നമ്മൾ മാറിയിട്ടുണ്ട്. മണവും രുചിയും മികച്ചതാക്കി നമുക്ക് മുന്നിലെത്തുന്ന ഭക്ഷണപദാർഥങ്ങൾ ഭക്ഷ്യയോഗ്യവും സുരക്ഷിതവുമായിരിക്കേണ്ടത് നമ്മുടെ അവകാശമാണ്. ഭക്ഷ്യവിഷബാധയോ മരണമോ ഉണ്ടാകുമ്പോൾ മാത്രമാണ് പലപ്പോഴും ഭക്ഷ്യസുരക്ഷയിൽ ശ്രദ്ധ ചെലുത്തലുകളും പരിശോധനകളുമുണ്ടാകുന്നുള്ളൂ.

നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെയാണ് ഭക്ഷ്യയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷണം വെച്ചുവിളമ്പുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകളും നടപടികളും പലപ്പോഴും ഉണ്ടാവാറില്ല. കേടുവരാൻ സാധ്യതയുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ ഉപഭോക്താക്കളായ നമുക്ക് സ്വയം കരുതലുണ്ടാവുകയെന്നതാണ് പോംവഴി. കാസർകോട്ട് ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ച പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പും തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗങ്ങളും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഈ കരുതൽ തുടർന്നുകൊണ്ടുപോകാൻ പലപ്പോഴും കഴിയാറില്ല. ഹോട്ടലുകളിലെ അടുക്കള വൃത്തിയുള്ളതും തൊഴിലാളികൾ കൃത്യമായ വസ്ത്രവും സുരക്ഷാമുൻകരുതലുകളും സ്വീകരിക്കണമെന്ന് നിയമമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. ഭക്ഷണശാലകൾ തുടങ്ങാനുള്ള അനുമതിക്കായി തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും കുടിവെള്ളം പരിശോധിച്ച രേഖകളും ഹാജരാക്കണമെങ്കിലും പിന്നീട് ഒന്നും പാലിക്കപ്പെടാറില്ല.

മോശം ഭക്ഷണത്തെ കുറിച്ച് കഴിക്കാനെത്തുന്നവർ പരാതിപ്പെടാറുണ്ടെങ്കിലും മിക്കപ്പോഴും സ്ഥാപനത്തിൽതന്നെ ഒതുക്കിതീർക്കലാണ് പതിവ്. ഭക്ഷണപദാർഥങ്ങൾ പാകം ചെയ്തയുടൻ അനുവദിക്കപ്പെട്ട താപനിലയിൽ സൂക്ഷിക്കണം. മിച്ചം വന്ന ആഹാരസാധനങ്ങൾ സൂക്ഷിക്കരുതെന്നും നിയമമുണ്ട്. പഴകിയ ഭക്ഷണംകഴിച്ച് വ്യാഴാഴ്ച എടക്കാട് വിദ്യാർഥിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി സ്വീകരിച്ചു. പലഹാരം വാങ്ങിയെന്ന് സംശയിക്കുന്ന ബേക്കറിയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ദോഷമില്ലാത്ത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - Restaurants can be made safer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.