കേളകം: മലബാർ അവെയർനെസ് ആൻഡ് വനം വകുപ്പും റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് എന്ന സംഘടനയും സംയുക്തമായി ആറളം വൈൽഡ് ലൈഫ് ഡിവിഷന് കീഴിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലായി പല്ലികളുടെ പ്രാഥമിക സർവേ നടത്തി.
നാല് ദിവസങ്ങളിലായി നടന്ന സർവേയിൽ ആറളം ഡിവിഷനിലെ ജീവനക്കാർക്ക് പരിശീലനം നൽകി. കൂടുതൽ ഫീൽഡ് വിഭാഗം ജീവനക്കാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അതീവ വംശനാശ ഭീഷണി നേരിടുന്ന ഏഴോളം പല്ലികളിൽപ്പെടുന്നതും 2014 വർഷത്തിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയതും കൊട്ടിയൂർ മേഖലയിൽ മാത്രം കാണപ്പെടുന്നതുമായ കൊട്ടിയൂർ മരപ്പല്ലി (കൊട്ടിയൂർ ഡെഗെക്കോ) എന്ന ഇനം പല്ലിയെ നിരീക്ഷിക്കുക എന്നതായിരുന്നു സർവേയുടെ പ്രധാന ലക്ഷ്യം.
കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൂര്യമുടി വനഭാഗത്തുവെച്ച് സർവേ ടീം പല്ലിയെ കണ്ടെത്തി. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലായി നടത്തിയ പ്രാഥമിക സർവേയിൽ മുമ്പ് രേഖപ്പെടുത്താത്ത ആറിനം അഗമ ഇനത്തിൽപ്പെട്ട പല്ലികളും നാലിനം സ്കിങ്ക് ഇനത്തിൽപ്പെട്ടവയും കണ്ടെത്തി.
ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ സർവേ ഉദ്ഘാടനം ചെയ്തു. ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ സംസാരിച്ചു. റെസ്ക്യൂ സെന്റർ വൈൽഡ് ലൈഫ് സെക്രട്ടറി ഡോ. റോഷ്നാഥ് രമേശ് സർവേ രീതികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.