തലശ്ശേരി ആഫ്റ്റർ കെയർ ഹോമിൽനിന്ന് രാജയെ കൈമാറുന്നു

രാജ മടങ്ങി, ജന്മനാട്ടിലേക്ക്...

തലശ്ശേരി: പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങുമ്പോൾ സന്തോഷാശ്രുക്കളായിരുന്നു രാജയുടെ മുഖത്ത്. ബന്ധുക്കളെ കാണാനുള്ള അവന്റെ സ്വപ്നം അങ്ങനെ യാഥാർഥ്യമാവുകയാണ്. ആറാം വയസ്സിൽ പിതാവിൽനിന്ന് കൈവിട്ടുപോയതായിരുന്നു രാജ. തലശ്ശേരി ആഫ്റ്റർ കെയർ ഹോമിൽ എത്തിയതോടെയാണ് അവന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്. ഝാർഖണ്ഡ് സ്വദേശിയായ ബി. രാജക്ക് ഇപ്പോൾ പതിനെട്ട് വയസ്സായി.

ബംഗാളിലെ ഹൗറയിലെ ഇഷ്ടികച്ചൂളയിൽ ജോലിചെയ്തിരുന്ന മാതാപിതാക്കൾക്കൊപ്പം കഴിയവെ 2012ൽ അബദ്ധത്തിൽ ട്രെയിൻ കയറി എറണാകുളത്തെത്തിയതായിരുന്നു രാജ. ട്രെയിനുകൾ മാറിക്കയറി എറണാകുളത്തെത്തിയപ്പോൾ അലഞ്ഞുതിരിയുന്നത് കണ്ട് അവനെ പൊലീസ് കൊച്ചിയിലെ ചൈൽഡ് കെയർ ഹോമിലാക്കി. മൂന്ന് വർഷത്തിന് ശേഷം തൃശൂരിലെ ഹോമിലേക്കും ഫെബ്രുവരി മൂന്നിന് തലശ്ശേരിയിലെ ആഫ്റ്റർ കെയർ ഹോമിലേക്കും രാജയെ എത്തിച്ചു.

കേരളത്തിലെ വിവിധ ചൈൽഡ് കെയർ ഹോമുകളിലെ ജീവിതം രാജയെ ഒരു മികച്ച ഫുട്ബോൾ താരമാക്കി മാറ്റി. പഠനത്തിലും സ്പോർട്സിലും മികവ് പുലർത്തുന്നുണ്ട്. എനിക്ക് നന്നായി കളിക്കണം, പഠിക്കണം, ഒരു ജോലി വേണം, എന്നിട്ട് എന്റെ വീട്ടുകാരെ കണ്ടുപിടിക്കണം എന്ന ആഗ്രഹം പങ്കുവെച്ചതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ആഫ്റ്റർ കെയർ ഹോമിന് സമീപമുള്ള ഗവ. ചൈൽഡ് കെയർ ഹോമിലെ സൂപ്രണ്ട് ഒ.കെ. മുഹമ്മദ് അഷ്റഫ് 15 ദിവസത്തിനുള്ളിൽ വീട്ടുകാരെ കണ്ടെത്തുമെന്ന് രാജക്ക് വാക്ക് നൽകി.

സൂപ്രണ്ട് തന്റെ ‘മിസിങ് പേഴ്സൻ കേരള’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ രാജയുടെ വിവരങ്ങൾ പങ്കുവെച്ചു. ഇത് രാജ്യത്തെ വിവിധ ഗ്രൂപ്പുകളിലെത്തി. ആയുഷ് തയാറാക്കിയ വിഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെ പശ്ചിമ സിങ്ഭും ജില്ലയിലെ ഹരിമാര ഗ്രാമത്തിലുള്ള രാജയുടെ ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. വീട്ടുകാരെ കണ്ടെത്തിയെങ്കിലും രാജയെ പൂർണമായും വിട്ടയക്കാതെ ലീവ് അനുവദിച്ചാണ് അധികൃതർ യാത്രയാക്കുന്നത്. ഝാർഖണ്ഡിലെ സാഹചര്യങ്ങൾ രാജയുടെ പഠനത്തിനോ കായിക പരിശീലനത്തിനോ തടസ്സമാകരുത് എന്ന നിർബന്ധം അധികൃതർക്കുണ്ട്. നന്നായി മലയാളം സംസാരിക്കുകയും പ്ലസ് ടുവിന് പഠിക്കുകയും ചെയ്യുന്ന രാജ നാട്ടിൽ പോയി ഉറ്റവരെ കണ്ട ശേഷം തന്റെ ഫുട്ബാൾ കരിയറും പഠനവും തുടരാൻ കേരളത്തിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. ഝാർഖണ്ഡിലെ സോനുവ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇന്ദ്ര ഡിയോ രാജക്, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസിലെ പ്രതിനിധി മനോജ് കുമാർ ദാസ് എന്നിവർക്കൊപ്പമാണ് രാജ ശനിയാഴ്ച മടങ്ങിയത്. എരഞ്ഞോളി ആഫ്റ്റർ കെയർ ഹോം സൂപ്രണ്ട് എം. സൈതലവി രാജയെ അധികൃതർക്ക് കൈമാറി. ശനിയാഴ്ച വൈകീട്ട് തൃശൂരിലേക്ക് തിരിച്ച രാജ ഞായറാഴ്ച രാവിലെ ട്രെയിൻ മാർഗം ജന്മനാട്ടിലേക്ക് മടങ്ങും.

Tags:    
News Summary - raja returned to his homeland...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.