പാപ്പിനിശ്ശേരി: അഴീക്കൽ കപ്പൽ ചാലിന് ആഴംകൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ പാപ്പിനിശ്ശേരിയിൽ നിന്ന് മണലെടുക്കാൻ വൻകിട കമ്പനിക്ക് കരാറായി. ജനങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥലത്താണ് കമ്പനി മണൽ ശേഖരിക്കുന്നതിനും ഫിൽട്ടറിങ്ങിനും ഒരുക്കങ്ങൾ നടത്തിവരുന്നത്.
മണൽ ഫിൽട്ടറിങ് നടക്കുന്നതോടെ പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറുന്നതിനും അനിയന്ത്രിത മണൽ വാരൽകാരണം കര ഇടിയുന്നതിനും കാരണമാകും. ശുദ്ധജലവും ശുദ്ധവായും മലിനമാക്കുന്ന മണൽ ശേഖരണവും ഫിൽട്ടറിങ്ങും അനുവദിക്കരുതെന്നാണ് ജനകീയ കമ്മറ്റി ആവശ്യപ്പെടുന്നത്.
അഴീക്കൽ തുറമുഖത്ത് പുഴ മണൽ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ ഇത് സംബന്ധിച്ച് കേരള മാരിടൈം ബോർഡ് കഴിഞ്ഞ വർഷം താത്പര്യപത്രം ക്ഷണിച്ചിരുന്നു. കണ്ണൂരിലെ ഒരു സ്വകാര്യ നിർമാണക്കമ്പനിയുമായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. നടപടികൾ അവസാന ഘട്ടത്തിലാണ്. വൻകിട കമ്പനിക്ക് വളപട്ടണം പുഴയുടെ അടിത്തട്ട് ഇളക്കി ലക്ഷക്കണക്കിന് ടൺ മണലൂറ്റാൻ 25 വർഷത്തേക്കാണ് കരാറെടുത്തിരിക്കുന്നതെന്നാണ് ജനകീയ കമ്മറ്റിയുടെ പരാതി.
പൊന്നാനി തുറമുഖത്ത് തുടങ്ങിയ മാതൃകയിലാണ് പ്ലാന്റ്. കുറ്റിപ്പുറത്തെ കിൻഫ്ര പാർക്കിൽ രാജധാനി മിനറൽസ് എന്ന സ്വകാര്യ സ്ഥാപനമാണ് പ്ലാന്റ് സ്ഥാപിച്ചത്. അഴീക്കലിൽ നിന്നുള്ള മണൽ 2015 വരെ സൊസൈറ്റികൾ വഴിയായിരുന്നു മണൽ വിതരണം നടന്നത്.
പ്രതിമാസം മൂന്നുകോടി രൂപ തുറമുഖത്തിന് വരുമാനം ലഭിച്ചിരുന്നു. 2016ൽ തദ്ദേശസ്ഥാപനങ്ങളെ നേരിട്ട് ഏൽപ്പിച്ചു. അഴീക്കോട്, മാട്ടൂൽ, പാപ്പിനിശ്ശേരി, വളപട്ടണം പഞ്ചായത്തുകളിലെ കമ്മിറ്റി വഴിയായി വിതരണം. പുഴമണൽ കഴുകിയെടുക്കുന്നത് 2023ൽ കോടതി തടഞ്ഞതോടെ മണൽ വാരൽ നിലച്ചു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ അനുവദിച്ചത്.
തിരുവനന്തപുരത്തെ കേരളാ മാരിടൈം ഓഫിസിലാണ് കരാർ നടപടി നടന്നത്. മണലൂറ്റ് നടക്കുമ്പോൾ ശുദ്ധജല, പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കെ.കെ. മുഹമ്മദ് (ചെയർമാൻ), പി.എം. വിനോദ് കുമാർ, കെ.കെ. പൂക്കുട്ടി കുമാരൻ, കെ.കെ. ജലീൽ കൺവീനർമാരായാണ് കമ്മറ്റി രൂപവത്കരിച്ചിരിക്കുന്നത്.25ന് വൈകീട്ട് നാലിന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തുനിന്ന് പ്രകടനമായി ഹാജി റോഡ് ഫാത്തിമാ സൂപ്പർ മാർക്കറ്റിനടുത്ത് പ്രതിഷേധസംഗമം നടത്തുമെന്ന് ജനകീയ കൂട്ടായ്മ ചെയർമാൻ കെ.കെ. മുഹമ്മദ് അറിയിച്ചു.
പ്രതിഷേധ സംഗമത്തിൽ പ്രമുഖ പരിസ്ഥിതി മനുഷ്യാവ കാശ പോരാളികളായ അഡ്വ.കസ്തൂരിദേവൻ, ഡോ. ഡി. സു രേന്ദ്രനാഥ് തുടങ്ങിയ പ്രമുഖരായ നിരവധിപേർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.