പാൽച്ചുരം വെള്ളച്ചാട്ടം
കൊട്ടിയൂർ: മലനിരകളെ കീറിമുറിച്ചുള്ള വെള്ളച്ചാട്ടം അഴകിന്റെ കുത്തിയൊഴുക്കാണ് ഇവിടെ. പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരാളുടെയും മനമൊന്നു കുളിര്‍ക്കും. വിനോദസഞ്ചാരികൾക്ക് വിസ്മയമാകുകയാണ് കൊട്ടിയൂരിലെ പാൽച്ചുരം വെള്ളച്ചാട്ടം.
പക്ഷേ, ഇവിടെ എത്തണമെങ്കിൽ സാഹസികയാത്ര വേണ്ടിവരും. കൂറ്റന്‍ പാറകള്‍ക്കിടയിലൂടെ ആര്‍ത്തലച്ച് ഒഴുകുന്ന ചെകുത്താന് തോടിനെ ഏറ്റവും കൂടുതല്‍ മനോഹരിയാക്കുന്നത് പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകി വരുന്ന വെള്ളച്ചാട്ടംതന്നെ. വേനല്‍ക്കാലത്ത് വെള്ളം കുറയും. മണ്‍സൂണിൽ ഏഴഴകും വിടർത്തും.
മഴക്കാല ടൂറിസത്തിന് എന്തുകൊണ്ടും പറ്റിയ സ്ഥലമാണ് ഇവിടം. ഓണം അവധിക്ക് നൂറുകണക്കിന് കുടുംബങ്ങളാണ് കാഴ്ച നുകരാൻ ഇവിടെയെത്തിയത്. നിത്യഹരിത വനത്തോടു ചേർന്ന് കുത്തനെ താഴേക്കു നീളുന്ന പാൽച്ചുരം റോഡിന് അൽപം മാറി കാട്ടിനുള്ളിലാണ് ഈ നീർച്ചാട്ടം. കോടമഞ്ഞിനിടയിലൂടെയാണ് ഇവിടെ എത്താനാവുക.
ചുരം പാതകളും കൊക്കകളും തുടർച്ചയായി ഉയർന്നുപൊങ്ങുന്ന മലനിരകളും താണ്ടി കാൽനടയായി അര കി.മീ. പോയാൽ വെള്ളച്ചാട്ടമായി. അവസാനത്തെ 250 മീറ്ററോളം ഭാഗം വനത്തിലൂടെയാണ് യാത്ര. പകൽപോലും വെയിൽ കടന്നെത്താൻ മടിക്കുന്ന കാട്.
വഴിയിൽ നീളെ പലതരം മരങ്ങളും പന്നൽച്ചെടികളും വള്ളിപ്പടർപ്പുകളുമുണ്ട്. വഴി ചെന്നുനിൽക്കുന്നത് വെള്ളച്ചാട്ടത്തിന്റെ നേരെ ചുവട്ടിലാണ്. പാൽനുര തൂകിയാണ് വെള്ളം പതഞ്ഞ് ചാടുന്നത്.
വെള്ളം ചാടിയെത്തുന്നിടത്ത് ചെറിയൊരു കുളംപോലെ രൂപപ്പെട്ടിട്ടുണ്ട്. അതിൽ നീന്തിക്കുളിക്കാം. വെള്ളച്ചാട്ടത്തിന്റെ ശബ്ദവും കിളികളുടെ ആരവവും അല്ലാതെ മറ്റൊരു ശബ്ദവും കടന്നെത്താത്ത ഇടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.