കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് വഴി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുന്ന സംഭവം തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണ് ദിവസവും സൈബർ പൊലീസിന് ലഭിക്കുന്നത്. പണമിരട്ടിപ്പ്, ജോലി വാഗ്ദാനം തുടങ്ങിയ മെസേജുകളിൽ വിശ്വസിച്ച് വാട്ട്സ്ആപ്പ് വഴി ലഭിക്കുന്ന ലിങ്കുകളിൽ കയറിയാണ് പണം നഷ്ടപ്പെടുത്.
താണ സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ ദിവസം 33,07,254 രൂപയാണ് നഷ്ടപ്പെട്ടത്. വാട്ട്സ്ആപ്പ് വഴി ട്രേഡിങ് ചെയ്യുന്നതിനുള്ള നിർദേശം വിശ്വസിച്ചാണ് ഇത്രയും തുക നഷ്ടപ്പെട്ടത്. അജ്ഞാതർ നിർദേശിച്ച പ്രകാരം വിവിധ അക്കൗണ്ടുകളിലേക്കാണ് യുവതി പണം നിക്ഷേപിച്ചത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ചക്കരക്കൽ, തലശ്ശേരി സ്വദേശിനികളിൽനിന്നും 53,000, 44,850 രൂപയും ഇങ്ങനെ നഷ്ടപ്പെട്ടു.
11കാരന്റെ ആധാർ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശിച്ച് വാട്സ് ആപ്പ് വഴി ലഭിച്ച ലിങ്കിൽ കയറി കണ്ണൂർ ടൗൺ സ്വദേശിക്ക് 39,000 രൂപയും നഷ്ടമായി. വാഹനത്തിന് ചലാൻ അടക്കണമെന്ന് നിർദേശിച്ച് പൊലീസിൽനിന്നാണെന്ന വ്യാജേന ലഭിച്ച ലിങ്കിൽ കയറിയാണ് കണ്ണൂർ ടൗൺ സ്വദേശിക്ക് 22,457 രൂപ നഷ്ടമായത്.
ജോലി വാഗ്ദാനം ചെയ്ത് ടെലഗ്രാം വഴി ലഭിച്ച ലിങ്കിൽ പ്രവേശിച്ച് കണ്ണവം സ്വദേശിക്ക് 17,499 രൂപയും നഷ്ടപ്പെട്ടു. കണ്ണൂർ ടൗൺ സ്വദേശിയും സമാന രീതിയിൽ ജോലി വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ട് 9,898 രൂപ നഷ്ടമായി. ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് വസ്ത്രം വാങ്ങാൻ വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്ത ന്യൂ മാഹി സ്വദേശിനിക്ക് 12,700 രൂപ നഷ്ടപ്പെട്ടു.
അജ്ഞാത അക്കൗണ്ടുകളില്‍നിന്നും വരുന്ന മെസ്സേജുകളോട് പ്രതികരിക്കാതിരിക്കരുതെന്നും വിഡിയോ കോള്‍ എടുക്കരുതെന്നും തട്ടിപ്പ് ബോധ്യപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യണമെന്നും സൈബർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.