ബ്ലോക്ക് 13 ലെ കെ.കെ. രതീഷ് വീടിന് മുന്നിൽ നിർമ്മിച്ച കിണറിന് സമീപം .

കിണർ നിർമാണം; പുനരധിവാസ മേഖലയിൽ ടി.ആർ.ഡി.എമ്മിന്റെ കെടുകാര്യസ്ഥത

കേളകം: വേനൽ ആരംഭിക്കുന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ആറളം ഫാം പുനരധിവാസ മേഖലയിൽ കിണർ കുഴിക്കാനുള്ള ധനസഹായം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി . ടി.ആർ.ഡി.എം അധികൃതരുടെ അനാസ്ഥക്കെതിരെയാണ് പരാതി. കിണർ കുഴിച്ച് രണ്ട് വർഷം കഴിഞ്ഞവർ ഉൾപ്പെടെ അപേക്ഷകർക്ക് ആദ്യഘഡുപോലും ലഭിച്ചിട്ടില്ല. കിണർ കുഴിക്കാൻ പുനരധിവാസ മിഷൻ 15,000 രൂപയാണ് നൽകുന്നത് .

ആദ്യഗഡുവായി 7,500 രൂപയാണ് ലഭിക്കുക. വീണ്ടും കിണറിന് ആൾമറ കെട്ടിയ ശേഷം ഫോട്ടോ എടുത്ത് അയച്ചു കൊടുത്താൽ ബാക്കി തുക കൂടി ലഭിക്കും എന്നതാണ് ചട്ടം . എന്നാൽ കിണർ നിർമിച്ചവർക്ക് ഒരു തുകയും ലഭിച്ചിട്ടില്ല എന്നാണ് താമസക്കാരുടെ പരാതി .ബ്ലോക്ക് 13 ലെ പ്ലോട്ട് നമ്പർ 443 ലെ കെ.കെ. രതീഷ് വീടിനോട് ചേർന്ന് കിണർ നിർമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും യാതൊരു ധനസഹായവും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത് . ഏഴു കോൽ ആഴമുള്ള കിണറിന്റെ നിർമാണത്തിന് നല്ലതുക ചിലവായതായി രതീഷ് പറയുന്നു.

ടി.ആർ.ഡി.എം തരുന്ന തുക കിണറിന്റെ ആൾമറ കെട്ടാൻ പോലും തികയില്ലെങ്കിലും ആദിവാസികൾക്ക് ലഭിക്കേണ്ട ചെറിയ സഹായങ്ങൾ പോലും ആവശ്യക്കാരനിലേക്ക് എത്തുന്നില്ലെന്നും രതീഷ് പറഞ്ഞു. ബ്ലോക്ക് ഒമ്പതിലെ പ്ലോട്ട് നമ്പർ 659 ലെ ജാൻസി ചന്ദ്രത്തിന്റെ കുടുംബത്തിനും പറയാനുള്ളത് ഇതുതന്നെയാണ്. കൂലിക്ക് ആളെ കൂട്ടാൻ നിവൃത്തിയില്ലാതെ പട്ടിണി കിടന്നാണ് ചന്ദ്രനും കുടുംബവും ചേർന്ന് സ്വന്തമായി 14 കോൽ ആഴമുള്ള കിണർ നിർമിച്ചത്.

മഴക്കാലം വരുന്നതോടെ മഴവെള്ളം കിണറ്റിലേക്ക് ഒഴുകി വീണ് വെള്ളം കലങ്ങുകയും കിണർ ഇടിഞ്ഞു തുടങ്ങിയിരിക്കുകയുമാണ് .ചെറിയ കുട്ടികൾ അടക്കമുള്ള വീട്ടിൽ ആൾമറ ഇല്ലാത്ത വീട്ടിൽ കുട്ടികളെവീടിന് വെളിയിൽ പോലും വിടാതെ കാവലിരിക്കുകയാണ് കുടുംബം. ബ്ലോക്ക് 13 ലെ ശാന്ത കരുണാകരനും കിണർ നിർമിച്ചെങ്കിലും പണം ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ആദ്യഗഡു കിട്ടിയവരും കിട്ടാത്തവരും മുഴുവൻ തുക കിട്ടിയവരും തുടങ്ങി ആറളം പുനരധിവാസ മേഖലയിലെ ടി.ആർ.ഡി.എമ്മിന്റെ കെടുകാര്യസ്ഥത തുടരുകയാണിവിടെ.

Tags:    
News Summary - Well construction; TRDM's mismanagement in the rehabilitation sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.