പാൽചുരം പാതയിൽ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ഗതാഗതക്കുരുക്ക്
കേളകം: കൊട്ടിയൂർ -വയനാട് ചുരം പാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപെട്ട് യാത്രക്കാർ നരകിക്കുന്നു. ദീർഘദൂര ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ, ചെങ്കൽ ലോറികൾ ഉൾപ്പെടെ പാതയിലൂടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോയി ഇടുങ്ങിയ പാതയിൽ കുരുങ്ങുമ്പോൾ ഗതാഗത കുരുക്കഴിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം സ്ഥലത്തില്ല. വയനാട് അതിർത്തി തലപ്പുഴ പൊലീസിന്റെയും കണ്ണൂർ അതിർത്തി കേളകം പൊലീസിന്റെയും പരിധിയിലാണ്.
അതിർത്തിയിൽ ആര് കുരുക്കഴിക്കുമെന്ന തർക്കമാണോ പ്രദേശത്ത് പൊലീസിന്റെ സേവനം നടപ്പാക്കാത്തതെന്നാണ് കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ചോദ്യം. ഏത് വിധേനയും സ്ഥലത്ത് പൊലീസിനെ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പാൽചുരത്തും വയനാട് അതിർത്തിയായ ചെകുത്താൻ തോടിന് സമീപത്തും ഓരോ പൊലീസുകാരെ നിയോഗിച്ചാൽ ഗതാഗത നിയന്ത്രണമാവും, വാഹനങ്ങൾക്ക് സുഗമമായി കടന്ന് പോകാനുമാകും. തിങ്കളാഴ്ച വൈകുന്നേരം മണിക്കൂറോളം പാതയിൽ ഗതാഗത സ്തംഭനമുണ്ടായിട്ടും തടസ്സം നീക്കാൻ ആരുമെത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകൾ ഇടവിട്ട് പാതയിൽ ഗതാഗതസ്തംഭനം തുടരുന്ന കാഴ്ചയാണ് നിലവിലുള്ളതെന്ന് പ്രദേശവാസികളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.