കേളകത്ത് പുലി കെണിയിൽ കുടുങ്ങി

കേളകം (കണ്ണൂർ): മീശക്കവലയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. വട്ടക്കാട്ടിൽ കുഞ്ഞ് എന്നയാളുടെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തുനിന്ന് വളർത്തുമൃഗങ്ങളെ പുലി കൊന്നൊടുക്കിയിരുന്നു. തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം കൂട് സ്ഥാപിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വനം വകുപ്പിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന കൂട്ടിൽ പുലി കുടുങ്ങിയത്.

പുലി സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരുമായി ചേർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. നിതിൻരാജ്, നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഡോ. ബി. ഇല്യാസ് റാവുത്തർ, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ മേൽനോട്ടത്തിൽ വനംവകുപ്പിന്റെ 32 ഓളം ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.

വനംവകുപ്പ് ഉദ്യോഗസ്ഥരെ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിച്ച് വെണ്ടയ്ക്കുംച്ചാൽ, മീശക്കവല, പൊയ്യാമല എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മണിക്കൂറുകൾ നീണ്ട വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല.

കഴിഞ്ഞ ദിവസം പുലി പിടിച്ചുകൊണ്ടുപോയെന്ന് കരുതുന്ന ആടിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ തിരച്ചിൽ സംഘം കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്നും പുലിയുടെ കാൽപ്പാടുകൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ, ഏകദേശം 500 മീറ്റർ അകലെയുള്ള പൊയ്യാമല ഭാഗത്തേക്ക് കടന്നുപോയതായി വനംവകുപ്പ് സ്ഥിരീകരിക്കുകയും ​ചെയ്തിരുന്നു.

തുടർന്നാണ് മീശക്കവല ഭാഗത്ത് കൂട് സ്ഥാപിച്ചത്. സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് കാമറ ട്രാപ്പുകളും രാത്രികാലങ്ങളിൽ വനപാലകരുടെ പ്രത്യേക സ്ക്വാഡുകൾ നൈറ്റ് പട്രോളിങ്ങും നടത്തിയിരുന്നു. 

Tags:    
News Summary - Leopard caught in trap at Kelakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.